കാരപ്പാറ എസ്‌റ്റേറ്റ്: കൈവശാവകാശം ഉടമകള്‍ക്ക് നല്കണമെന്ന വിധി റദ്ദാക്കി

Wed, 07-05-2014 05:39:00 PM ;
ന്യൂഡല്‍ഹി

 

നെല്ലിയാമ്പതി കാരപ്പാറ എസ്റ്റേറ്റിന്റെ കൈവശാവകാശരേഖ ഉടമകള്‍ക്ക് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പാട്ടക്കരാര്‍ റദ്ദാക്കിയതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ വീണ്ടും പരാതി നല്‍കാമെന്നും അപ്പോള്‍ കൈവശാവകാശ രേഖയുമായി ബന്ധപ്പെട്ട വിഷയവും ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. കാരപ്പാറ എസ്റ്റേറ്റിന്റെ കൈവശാവകാശം ഉടമകള്‍ക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

എസ്റ്റേറ്റ് കൃഷി ഭൂമിയല്ലെന്നും വനഭൂമിയാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്ന ഭൂമി കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും അതിനാല്‍ കൈവശാവകാശ രേഖ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ തേയില, ഏലം സബ്‌സിഡിക്ക് കൈവശാവകാശ രേഖ ആവശ്യമായതിനാല്‍ അത് അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് രഞ്ജിന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

Tags: