കോണ്ട്രാക്റ്റര്മാര്ക്ക് വേണ്ടി ഇവരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാരുകളാണ് ആതിരപ്പളളി പദ്ധതിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് മാധവ് ഗാഡ്ഗില്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സഭയും തെറ്റിദ്ധാരണ പരത്തിയെന്നാണ് എക്കണോമിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയിലെ ലേഖനത്തില്‍ പശ്ചിമഘട്ട റിപ്പോര്‍ട്ടിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധവ് ഗാഡ്ഗില്‍ പറയുന്നത്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി ചില നിര്‍ണായക രേഖകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും മാധവ് ഗാഡ്ഗില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കസ്തൂരിരംഗന്‍ സമിതി അധികാരങ്ങളില്‍നിന്ന് വ്യതിചലിച്ചുവെന്നും ഉദ്യോഗസ്ഥര്മാരോടും രാഷ്ട്രീയക്കാരോടും മാത്രം സംസാരിച്ചാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ട് തയ്യാറാക്കിതെന്ന് ഗാഡ്ഗില്‍ കുറ്റപ്പെടുത്തുന്നു.
പരിസ്ഥിതി സംരക്ഷണം ബലപ്രയോഗത്തിലൂടെ മാത്രമേ സാധ്യമാകൂയെന്ന ഭയം ഇ.എഫ്.എല്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏത് ഭൂമിയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമെന്ന ഈ തോന്നല്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ പ്രചാരണം. സമൂഹത്തിന്റെ ചിലവില്‍ വിഭവങ്ങള്‍ കൊളളയടിക്കുന്നതിലെ ഉദാഹരണമായി കേരളത്തിലെ മൂവായിരത്തോളം അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തെ ഗാഡ്ഗില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
കേരളത്തിലെ കരാറുകാരുടെ സര്‍ക്കാരാണ് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും ഇതിന് സര്‍വ്വകക്ഷി സഖ്യത്തിന്റെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിനെ രാഷ്ട്രീയക്കാര്‍ എതിര്‍ത്തിരുന്നെങ്കിലും ജയറാം രമേശും കുറച്ച് കാലം വി.എസ് അച്യുതാന്ദനും പദ്ധതിയെ പിന്തുണച്ച കാര്യം മാധവ് ഗാഡ്ഗില്‍ തന്റെ ലേഖനത്തില്‍ പ്രത്യേകം പറയുന്നുണ്ട്.