വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എം.എല്‍.എ രംഗത്ത്. വി.എസ് അച്യുതാനന്ദന് കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വി.എസിനെ സി.പി.ഐ.എം പുറത്താക്കുമെന്നും മുരളീധരന് പറഞ്ഞു.
പാമോലിന്‍ കേസില്‍ വി.എസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന വാര്‍ത്തകളോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയെ എന്നും വെട്ടിലാക്കുന്ന ആളാണ് വി.എസ്. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നേതാവാണ് വി.എസെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമേന്നതില് സംശയം ഇല്ലെന്നും മുരളിധരന് പറഞ്ഞു.
ടി.പിയുടെ ഭാര്യ കെ.കെ രമ നടത്തിയ നിരാഹാരസമര പന്തലില്‍ സന്ദര്‍ശനം നടത്താതിരുന്നത് തനിക്ക് ആ സമരരീതിയോട് യോജിപ്പില്ലാഞ്ഞിട്ടാണെന്നും മുരളീധരന് പറഞ്ഞു. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെയാണ് വി.എസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെടും. ഇതോടൊപ്പം പാമോലിന്‍ കേസ് നടക്കുമ്പോള്‍ അന്നത്തെ ധനമന്ത്രിയായരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് വി.എസിന്റെ ആവശ്യം.