വിഴിഞ്ഞം തുറമുഖം പി.പി.പി മോഡല്‍ ആക്കുന്നത് മൂലമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ 5 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. ഈ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജമീല എം.എല്‍.എ ആണ് അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നവര്‍ക്ക് ജമീലാ പ്രകാശം കരുവായി മാറുകയാണെന്നും ഇത്തരം എം.എൽ.എമാരെ കയറൂരിവിടാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി കെ.ബാബു ആരോപിച്ചു. ഇത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയതിനെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
തൂത്തുക്കുടി തുറമുഖത്തിനുവേണ്ടി മൊണ്ടെക് സിംഗ് അലുവാലിയയെ ഉപയോഗിച്ച് കേന്ദ്രമന്ത്രി ചിദംബരം വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നുവെന്നും ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.ബാബുവും കൂട്ടുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.