വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ.സി പീറ്ററിനെ വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാന് മറ്റ് ആറു പ്രതികളേയും മതിയായ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിട്ടുണ്ട്.
വിതുര കേസുമായി ബന്ധപ്പെട്ട 15 കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് വിചാരണ തുടങ്ങവേ 18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 1995 നവംബര്‍ - 1996 മേയ് കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്നതാണ് പ്രോസിക്യൂഷന്റെ കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്ടര്‍ ചെയ്ത 23 കേസുകളില്‍ ചലച്ചിത്ര നടന് ജഗതി ശ്രീകുമാര്‍ പ്രതിയായ കേസില്‍ ജഗതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. മറ്റ് ഏഴു കേസുകള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് വിചാരണക്കോടതിയിലേക്ക് കൈമാറിയിട്ടില്ല.