Skip to main content
തിരുവനന്തപുരം

ramesh chennithalaകെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല നാളെ (ബുധനാഴ്ച) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.  
 

രമേശിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ പുറത്ത് പറയാൻ പരിമിതിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വകുപ്പ് മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ളതാണെന്നും അതിൽ ഹൈക്കമാൻഡ് ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

രമേശിന്റെ മന്ത്രിസഭാ പ്രവേശനം തിടുക്കത്തിൽ എടുത്ത തീരുമാനമല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.  നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ 27-ന് ഹൈക്കമാൻഡ് അനുമതി നല്‍കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഹൈക്കമാന്‍ഡ്  തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചകളിലാണ് മാസങ്ങളായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ തര്‍ക്കവിഷയമായിരുന്ന മന്ത്രിസഭാ പുന:സംഘടനാ കാര്യത്തില്‍ തീരുമാനമായത്. ഇത് സംബന്ധിച്ച പ്രഖ്യാപനം കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും നടത്തുമെന്ന് ആന്റണി അറിയിച്ചിരുന്നു.

 

ഇതിനെ തുടര്‍ന്ന്‍ സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു

 

ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന സൂചനകള്‍ നല്‍കി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കെ.പി.സി.സി അധ്യക്ഷ സ്ഥാനവും ചെന്നിത്തല വഹിക്കുമെന്നാണ് സൂചന. ഇത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

 

കെ.ബി ഗണേഷ്‌ കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കണമെന്ന് ആര്‍. ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ന്യായമായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം  മന്ത്രിസഭയിൽ ചില മാറ്റങ്ങൾ വരുത്തുന്ന കാര്യം പരിഗണനയിലുണ്ട്. ഗണേഷ് കുമാറിന്റെ കാര്യവും അപ്പോൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.