സ്വർണ്ണം പോകുന്ന വഴിയും അന്വേഷണാത്മക മാധ്യമപ്രവർത്തനവും

Sun, 10-11-2013 04:45:00 PM ;

gold smuggling

അന്വേഷണാത്മക മാധ്യമപ്രവർത്തനം ഏതാണ്ട് ചാനലുകൾ സ്വന്തമാക്കിക്കഴിഞ്ഞു. എല്ലാ അന്വേഷണാത്മകവും ഒളിക്ക്യാമറാ വച്ചും. കോയമ്പത്തൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ നികുതി കൊടുക്കാതെ കടത്തപ്പെടുന്ന സാധനങ്ങൾ. അതെങ്ങിനെ ഡ്രൈവറുടേയും കണ്ടക്ടറുടേയും ഒത്താശയോടെ കടത്തപ്പെടുന്നു എന്നുള്ളതിന്റെ ഒളിക്ക്യാമറാ ദൃശ്യങ്ങൾ.  പഴയ സിനിമയിലെ പോലെ സാധനം വാങ്ങുന്നവരായി ആൾമാറാട്ടം നടത്തിയാണ് ഈ അന്വേഷണാത്മക മാധ്യമപ്രവർത്തനം സാധ്യമാക്കുന്നത്. ആ ദൃശ്യങ്ങൾ പറ്റുമെങ്കിൽ വകുപ്പുമന്ത്രിയെ കാണിച്ച് ആ ഡ്രൈവറേയും കണ്ടക്ടറേയും സസ്‌പെന്റ് ചെയ്യിച്ചിട്ടായിരിക്കും മിക്കവാറും റിപ്പോർട്ട് ചാനലുകൾ കാണിക്കുക. കൂട്ടത്തിൽ ചാനലിന്റെ പേര് പറഞ്ഞ് ഇംപാക്ട് എന്നൊരു  പ്രയോഗവും ഉണ്ടാകും. ഒടുവിൽ സംസ്ഥാന ഖജനാവിന് ഇത്തരം നികുതിചോർച്ചയിലൂടെ ഉണ്ടാവുന്ന ഭീമമായ നഷ്ടത്തിൽ ആശങ്കപ്പെട്ടുകൊണ്ടായിരിക്കും  അന്വേഷണ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് സമാഹരിക്കുന്നത്. ചിലപ്പോൾ ആ റിപ്പോർട്ടിന്റെ പേരിൽ ആ മാധ്യമപ്രവർത്തകന് അവാർഡുകളും കാത്തിരിപ്പുണ്ടാകാം.

 

രണ്ടു മാസത്തിനുള്ളിൽ നാൽപ്പതുകിലോ സ്വർണ്ണം കടത്തിയതിന്റെ പേരിൽ ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ എയർഹോസ്റ്റസും കൂട്ടാളിയും അറസ്റ്റിൽ. അതോടൊപ്പം മുംബൈ എയർപോർട്ടിലും ഒരു മലയാളി സ്വർണ്ണക്കടത്തിന്റെ പേരിൽ പിടിയിലായി. ഏതാനും ആഴ്ചകൾക്ക് മുൻപാണ് റഗുലർ സർവ്വീസ് എന്ന മാതിരി സ്വർണ്ണം കടത്തിക്കൊണ്ടിരുന്ന ഫയാസ് പിടിയിലായത്. പിന്നീട് അയാൾക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഫയാസ് കേരളത്തിലേക്കു കൊണ്ടുവന്നിട്ടുള്ള സ്വർണ്ണത്തിന്റെ തോത് കിലോക്കണക്കും കടന്ന് ടൺകണക്ക് ആകാനാണ് സാധ്യത. അയാളുടെ ഉന്നത ബന്ധങ്ങളും പരസ്യം. എങ്കിലും സരിതയെപ്പോലെയോ എന്തിന് കവിതാപിള്ളയെപ്പോലയോ ഫയാസ് മാധ്യമങ്ങളിൽ നിറയുന്നില്ല. അവശ്യം വാർത്തകളിൽ മാത്രം ചുരുങ്ങുന്നു. ഇവിടെയാണ്  ചാനലുകളിലെ അന്വേഷണാത്മക മാധ്യമപ്രവർത്തനവും രാത്രി ഒമ്പതു മണി ചർച്ചയും പ്രസക്തമാകുന്നത്. ഫയാസ് പിടിയിലായിട്ടും സ്വർണ്ണക്കടത്ത് അനുസ്യൂതം നടന്നുകൊണ്ടുരിക്കുന്നു. അതിപ്പോഴും നടക്കുന്നു. അതിന്റെ തെളിവാണ് ശനിയാഴ്ച അറസ്റ്റിലായ ഹിറമോസ പി. സെബാസ്റ്റ്യനും കൂട്ടാളി റാഹിലയും.

 

ഒരു കാര്യം പകൽ പോലെ വ്യക്തം. ഓരോ ദിവസവും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം കിലോക്കണക്കിനാണ്.  ഇവരൊക്കെ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇപ്പോഴും അത് നടക്കുന്നുണ്ടാകും. കടത്തപ്പെടുന്നതിന്റെ ഒരു ശതമാനത്തിൽ താഴെപ്പോലും പിടിക്കപ്പെടുന്നില്ല. ഏതു കുറ്റകൃത്യത്തിലുമെന്നപോലെ. ഇവർ കൊണ്ടുവരുന്ന സ്വർണ്ണം കേരളത്തിലെത്തിയിട്ട് എങ്ങോട്ടുപോകുന്നു? ഉത്തരം തേടി അലയേണ്ട കാര്യമില്ല. അത് ജ്വല്ലറികളിലേക്കാണ് പോകുന്നത്. ജ്വല്ലറിപ്പരസ്യങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞ ചാനലുകൾക്ക് സ്വർണ്ണക്കടത്തു സംബന്ധിച്ച അന്വേഷണാത്മക മാധ്യമപ്രവർത്തനം അസാധ്യമാകുന്നു. ജ്വല്ലറികളുടെ പരസ്യത്തിന്റെ കാശും ഇങ്ങനെ എത്തപ്പെടുന്ന സ്വർണ്ണത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരംശമാണ് എന്നറിയുമ്പോൾ ചാനലുകൾക്കും അതിന്റെ അംശം ലഭിക്കുന്നു എന്ന് സാരം. അന്വേഷണ ഏജൻസികളോ പോലീസോ ഒന്നും തന്നെ ഈ സ്വർണ്ണം പോകുന്ന വഴി അന്വേഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ കഷ്ടിച്ച് അത്താഴപഷ്ണി ഇല്ലാതെ കഴിയുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്റ് ചെയ്യിക്കാൻ പോകുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തനമാണ് അഭികാമ്യം. അതുകൊണ്ടുതന്നെ ഈ സ്വർണ്ണം പോകുന്ന വഴിയന്വേഷിച്ചുള്ള ഒമ്പതുമണി ചർച്ചയ്ക്കും പ്രസക്തിയില്ല.

Tags: