റേഡിയോഗ്രാഫി സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ക്കൊപ്പം പാര്‍ശ്വഫലങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക റേഡിയോഗ്രാഫി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച റേഡിയേഷന് സുരക്ഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ചികിത്സാ രംഗത്ത് ഏറ്റവും പ്രയോജനകരമായ നേട്ടമാണ് എക്സ്-കിരണങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍ ചികിത്സയ്ക്കായി ഇത് പ്രയോജനപ്പെടുത്തുമ്പോള്‍ ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഇന്നുണ്ട്. പുതിയ കാലത്ത് മൊബൈല്‍ ഫോണ്‍ അനിവാര്യവുമാണ്. എന്നാല്‍ റേഡിയേഷന് ഉള്‍പ്പെടെയുള്ള ഇതിന്റെ തിക്തഫലങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ റേഡിയേഷന് സുരക്ഷ സംബന്ധിച്ച ബോധവത്ക്കരണ പോസ്റ്റര്‍ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുജന ബോധവത്കരണ പ്രദര്‍ശനം തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന റേഡിയേഷന് സുരക്ഷാ ഡയറക്ടറേറ്റും കേന്ദ്ര ആണവോര്‍ജ്ജ നിയന്ത്രണബോര്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.