സംസ്ഥാന ബജറ്റില്‍ ഓരോ വര്‍ഷവും ഒരു ശതമാനം തുക യുവസംരഭകര്‍ക്കായി നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏകദേശം 500 കോടിയിലധികം രൂപ ഇപ്രകാരം വകയിരുത്തും. ഇന്ത്യയിലാദ്യമാണ് ഇത്തരമൊരു നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരഭകത്വ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച ഗൂഗിള്‍ ഹാങ്ങ്ഔട്ടിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിലവില്‍ ഐ.ടി മേഖലയിലാണ് കൂടുതല്‍ സംരഭകര്‍ മുന്നോട്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, കൃഷി, ആരോഗ്യം, സാംസ്കാരികം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ സംരഭകരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കോളേജുകളിലും സംരഭകത്വ വികസന ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളായ സംരഭകര്‍ക്ക് 20 ശതമാനം ഹാജരും 4 ശതമാനം ബോണസ് മാര്‍ക്കും നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതിനകം പാസാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവാക്കളുടെ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഗൂഗിള്‍ ഹാങ്ങ്ഔട്ടിലൂടെ സംരഭകത്വ ദിന സന്ദേശം നല്‍കി.