Skip to main content
തിരുവനന്തപുരം

യു.ഡി.എഫ് പിന്തുണയുള്ളിടത്തോളം കാലം മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

യു.ഡിഎഫിനെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് ആരും കരുതേണ്ടെന്നും പാര്‍ട്ടി പറയുകയാണെങ്കില്‍ രാജിക്ക് തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസി ടിവി പരിശോധനയില്‍ നിന്നും ഒഴിഞ്ഞു മാറിയത് പ്രതിപക്ഷമാണ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇനി അവിടെ ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ സുരക്ഷക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി. കുമളിയില്‍ അഞ്ച് വയസ്സുകാരന്‍ ക്രൂരമര്‍ദ്ദനത്തിനിടയായ സാഹചര്യത്തിലാണ് തീരുമാനം.

 

കാര്‍ഷിക സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കാനും മന്ത്രിസഭ തീരുമാനിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷത്തെ അധ്യാപനത്തിനായി 108 പോസ്റ്റുകള്‍ പുതിയതായി അനുവദിച്ചു. തിരുവനന്തപുരത്ത് പുതിയ പോലീസ് സ്‌റ്റേഷന്‍ തുടങ്ങും. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടുള്ള ട്രാഫിക്ക് യൂണിറ്റ് ട്രാഫിക്ക് പോലീസ് സ്‌റ്റേഷനാക്കാനും അടുത്ത വര്‍ഷം മുതല്‍ ബി.എഡ് കോഴ്‌സ് രണ്ട് വര്‍ഷമാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.