സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടെക്നോപാര്‍ക്ക് മുന്‍ മേധാവി ജി. വിജയരാഘവന്, ഡോ. അച്യുത് ശങ്കര്‍ എന്നിവര്‍ക്കൊപ്പം സിപിഐ.എം നിര്‍ദ്ദേശിക്കുന്ന ഒരു വിദഗ്ധനെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യം അറിയിച്ച് സിപിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2012 ജൂലൈ ഒമ്പതിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്ന് പരാതിക്കാരനായ ശ്രീധരന് നായര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ശ്രീധരന് നായരെ കണ്ടുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി സരിത ഒപ്പമുണ്ടായിരുന്ന കാര്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം എന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്റെ ഓഫീസില്‍ നിന്ന് തല്‍സമയ സംപ്രേഷണം മാത്രമേയുള്ളൂ, ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന പ്യൂണ്‍ സെക്രട്ടറിയേറ്റു പരിസരത്തുവച്ച് കൈക്കൂലി വാങ്ങുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് എന്ന ആരോപണമുയര്‍ന്നപ്പോള്‍ അത് പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ശ്രീധരന് നായര്‍ വെളിപ്പെടുത്തിയ പോലെ സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന്റെ വിവരവും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ വിദഗ്ധസംഘത്തെ നിയോഗിക്കുന്നത്. 14 ദിവസം വരെ മാത്രമേ സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡു ചെയ്തു സൂക്ഷിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. വെബ്ബിലൂടെയുള്ള തത്സമയ സംപ്രേഷണം അന്നും ഇന്നും റിക്കാര്‍ഡ് ചെയ്യാറില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു.