തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷികളെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. തെറ്റായ ചില വാദങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ ലീഗിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ചേംബറില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ചെന്നിത്തലയും തങ്കച്ചനും തമ്മിലും രാവിലെ കൂടിക്കാഴ്ച നടന്നു.
നേരത്തെ തിരുവനന്തപുരത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ലീഗിന്റെ മന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പരസ്യപ്രസ്താനയ്ക്ക് മുസ്ലീംലീഗ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. വിഷയത്തില്‍ വിശദമായ ചര്‍ച്ച വ്യാഴാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും നടക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.