തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യേറ്റ ശ്രമവും വെല്ലു വിളിയും ഉണ്ടായി. ഇതിനെ തുടര്‍ന്ന് സഭ താല്‍കാലികമായി നിര്‍ത്തിവച്ചു. സഭാംഗങ്ങള്‍ തമ്മിലുണ്ടായ മോശമായ സംസാര രീതിയും പദപ്രയോഗങ്ങളും ശക്തമായപ്പോള്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സഭ വിട്ടു ഇറങ്ങിപോയി.
നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനു മറുപടി പറയവേ കഴിഞ്ഞ ദിവസം തനിക്കു പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനുഭവം ഇനി ഉണ്ടാവരുതെന്നു കൂടി കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങിയത്. സഭയില്‍ പ്രതിപക്ഷത്തെ അസഭ്യം പറഞ്ഞ ആഭ്യന്തര മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ബുധനാഴ്ച സഭ ബഹിഷ്കരിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
സോളാര്‍ തട്ടിപ്പ് കേസിന്റെ ഫലമായി തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സഭ തടസ്സപ്പെടുന്നത്. തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ. ബി.എന്‍ ഹസ്കറിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് എം.എൽ.എ പി.ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി ടീം സോളാര്‍ കമ്പനിക്ക് വേണ്ടി ശുപാര്‍ശക്കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നും സരിത നായരാണ് ഇത് ലഭ്യമാക്കിയതെന്നുമാണ് ബിജു വെളിപ്പെടുത്തിയതായി അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.