തിരുവനന്തപുരം: 18 വയസ്സിന് താഴെയുള്ളവരുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചിലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന ‘ആരോഗ്യകിരണം’ പദ്ധതിയോടെ യുഡിഎഫ് മന്ത്രിസഭ മൂന്നാം വര്‍ഷത്തിലേക്ക്. മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കൂടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് ആശുപത്രി ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍ വാങ്ങുന്നവരെയും നികുതി അടക്കുന്നവരെയും ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മൂന്നു വയസ്സ് വരെയുള്ള 200 കുട്ടികള്‍ക്ക് സൌജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നതിന് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കിയിരുന്നു. ജൂലൈ മുതല്‍ സൗജന്യ മരുന്ന് വിതരണം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിഡ്സ് ബാധിതരായ കുട്ടികള്‍ക്ക് 1000 രൂപ വരെ പ്രതിമാസം നല്‍കാനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.