തിരുവനന്തപുരം: കേരള ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 72 കാരനായ നിഖില്‍ കുമാറിനെ നാഗാലാന്റില്‍ നിന്ന് മാറ്റി നിയമിക്കുകയായിരുന്നു. എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചതിന് ശേഷം കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജിന് കേരളത്തിന്റെ അധികചുമതല നല്‍കിയിരിക്കുകയായിരുന്നു. .
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ് കുമാര്‍, ഷിബു ബേബിജോണ്‍ , കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍ , സി.എന്‍ ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ ജയലക്ഷ്മി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ , എം.പിമാര്‍ , എം.എല്‍.എമാര്‍ , ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
1963 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിഖില്‍ കുമാര്‍ ഡല്‍ഹി പൊലീസ് കമീഷണര്‍, അതിര്‍ത്തിരക്ഷാ സേനാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി, ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസ് ഡയറക്ടര്‍ ജനറല്‍, ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം, എന്‍എസ്ജി മേധാവി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001-ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് 2004ല്‍ ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് വിജയിച്ച് ലോക് സഭാംഗമായി. 2009 ഒക്ടോബറില്‍ നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ മകനാണ്. അമ്മ കിഷോരി സിന്‍ഹയും ഭാര്യ ശ്യാമാസിങ്ങും ലോക്‌സഭാംഗങ്ങളായിരുന്നു.