ആം ആദ്മി പാർട്ടിയും ഇടതുപക്ഷവും ആള്‍ക്കൂട്ടവും

ഡോ. എന്‍. ജയദേവന്‍
Saturday, December 21, 2013 - 12:26pm
ചെമ്മാനം
N Jayadevanരാഷ്ട്രതന്ത്ര അധ്യാപകനായിരുന്ന ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി എന്ന ശൈശവ രാഷ്ട്രീയ കക്ഷി നേടിയ അപ്രതീക്ഷിത വിജയം രാഷ്ട്രീയ പണ്ഡിതരേയും വ്യവസ്ഥാപിത രാഷ്ട്രീയ നേതാക്കളേയും ഒരുപോലെ സ്തബ്ധരാക്കിയെന്നത് വസ്തുതയാണ്. കേവലം ഒരു വർഷത്തെ രാഷ്ട്രീയ ചരിത്രം മാത്രമുള്ള സംഘടനയാണ് ആം ആദ്മി പാർട്ടി. ആ പാർട്ടിക്ക്, എം.ജി രാമചന്ദ്രനെയോ, ജയലളിതയെയോ, എൻ.ടി രാമറാവുവിനെയോ പോലെ സാധാരണ വോട്ടര്‍മാരുടെ മനസ്സുകളിൽ വിഗ്രഹ സമാനമായ സ്ഥാനമുറപ്പിച്ച തട്ടുപൊളിപ്പൻ ചലച്ചിത്ര താര പരിവേഷമുള്ള നേതാവുണ്ടായിരുന്നില്ല. അധികാര സോപാനം ക്ഷിപ്രവേഗത്തില്‍ കീഴടക്കാൻ ലാലുപ്രസാദ് യാദവിനെയോ, മുലായം സിങ്ങ് യാദവിനെയോ, മായാവതിയെയോ സഹായിച്ചതുപോലുള്ള ഏതെങ്കിലും പ്രത്യേക ജാതി-സമുദായ വിഭാഗത്തിന്റെ സംഘടിത പിന്തുണയും  അവർക്കുണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്‌റുവിനെയോ ഇന്ദിരാഗാന്ധിയെയോ ജയപ്രകാശ് നാരായണനെയോ പോലെയുള്ള വശീകരണ ശക്തിയോ വ്യക്തിപ്രഭാവമോ ഉള്ള ഒരു നേതാവും ആ പാർട്ടിക്കുണ്ടായിരുന്നില്ല. എന്നിട്ടും ആ പാർട്ടി, ഒന്നേകാൽ നൂറ്റാണ്ടിലധികം രാഷ്ട്രീയ ചരിത്രവും സുദീർഘമായ ഭരണപാരമ്പര്യവുമുള്ള ദേശീയ പാർട്ടിയെ നിലംപരിശാക്കുകയും രണ്ടാമത്തെ വലിയ ദേശീയ പാർട്ടിയുടെ അധികാര മോഹത്തെ ദുസ്വപ്നമാക്കി തീർക്കുകയും ചെയ്ത വിജയത്തിലൂടെ ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടി അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിലൂടെ ഇളക്കിവിട്ട ഭൂകമ്പം സൃഷ്ടിച്ച ഞെട്ടലിന്റെയും വിറയലിന്റെയും പിടിയിൽനിന്നും ഇടതും വലതും മദ്ധ്യത്തിലുമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇനിയും മുക്തരായിട്ടില്ല.

 

അഴിമതി വിരുദ്ധതയെന്ന ഏക അജണ്ടയിൽ, ഏറെക്കുറെ ഉപരിപ്ലവമായ മുദ്രാവാക്യത്തിന്റെ പിൻബലത്തിൽ എങ്ങനെയാണ് ഇവര്‍ ജനവിശ്വാസം ആർജ്ജിച്ചത്?

 

ആം ആദ്മി പാർട്ടിയെ പ്രശംസിക്കുന്നവരും, അവരെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്നവരും, അവരെ കണ്ട് പഠിക്കാൻ കൊതിയൂറുന്നവരും, അവരുടെ പ്രത്യയ ശാസ്ത്ര-സാമ്പത്തിക നിലപാടുകളിൽ വിശദീകരണം തേടിയലയുന്നവരുമായി ഇന്ത്യയിലെ രാഷ്ട്രീയ ദുരന്ധര വൃന്ദത്തിലെ മിക്കവാറുമെല്ലാവരും മാറിയിരിക്കുന്ന മധുര മനോഹര കാഴ്ചയ്ക്കാണ് രാഷ്ട്രീയ ഭാരതം കഴിഞ്ഞ രണ്ടാഴ്ചയായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കണ്ട് ഉള്ളിൽ ഊറി ഊറി ചിരിക്കുന്ന ഒരാളുണ്ട്, സാക്ഷാൽ അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയുടെ ഈ യുവ നേതാവിന് ഇന്ദിരാഗാന്ധിയെയും, രാജീവ് ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും നേതൃത്വത്തിലേക്കുയർത്തിയ സ്വാതന്ത്ര്യസമരത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും കുടുംബ പശ്ചാത്തലമില്ല. അഖിലേഷ് യാദവിനെയും ഒമർ അബ്ദുള്ളയെയും പോലെ രാഷ്ട്രീയ കുലാധിപത്യ സ്ഥാപക പാരമ്പര്യമുള്ള പിതാവിന്റെ പിൻബലമില്ല. മറ്റ് പല മക്കൾ രാഷ്ട്രീയ നേതാക്കളേയും പോലെ അധികാരത്തിന്റെ അന്തപ്പുരങ്ങളിൽ പാദസേവ ചെയ്ത് മക്കൾക്ക് രാഷ്ട്രീയ പദവി ഇരന്നു വാങ്ങാൻ മടിയില്ലാത്ത സങ്കോചശൂന്യരും ലജ്ജാവിഹീനരുമായ പിതൃനേതൃത്വ പാരമ്പര്യവുമില്ല. എന്നിട്ടും ഈ 45കാരൻ നേതാവിനെ ഡൽഹിപോലെ ഒരു മഹാനഗരത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ നെഞ്ചിലേറ്റി നേതൃസ്ഥാനത്തേക്ക് ഉയർത്തിയതെങ്ങനെയെന്നതാണ് യഥാർത്ഥ രാഷ്ട്രീയ സമസ്യ.

arvind kejriwal

 

ഡൽഹി, പരിഷ്‌കാരവും പരിവർത്തനവും സാദ്ധ്യമാകാത്ത വടക്കേ ഇന്ത്യയിലെ ഏതെങ്കിലുമൊരു പിന്നോക്ക യാഥാസ്ഥിതിക പ്രദേശമല്ല. ഭൂവിസ്തൃതിയിൽ ലോകത്തിന്റെ ഏഴിൽ ഒന്ന് വലിപ്പമുള്ള, 125 കോടിയലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരമാണ് ഡൽഹി. ലോകത്തെ തന്നെ മഹാനഗരങ്ങളിൽ ഒന്ന്. ലോക രാഷ്ട്ര നേതൃത്വം നിതാന്ത ജാഗ്രതയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഭാരത ഭരണസിരാകേന്ദ്രം. അത്യുന്നത രാഷ്ട്രീയ-ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥ മേധാവികളും, വിദേശ നയതന്ത്ര പ്രതിനിധികളും കോർപറേറ്റ് ഭീമന്മാരും, ഉന്നത ബിരുദധാരികളും, പ്രൊഫഷണലുകളും, വിദേശികളും, ഇന്ത്യയിലെ വിവിധ ദേശക്കാരും ഭാഷക്കാരും, നാനാ ജാതി-മതസ്ഥരും ഒപ്പം ചേരി നിവാസികളും തിങ്ങിപ്പാർക്കുന്ന കോസ്‌മോപൊളിറ്റൻ പട്ടണം. ഭരണ ആസ്ഥാനമെന്നതുപോലെ തന്നെ ഭരണ വിരുദ്ധ രാഷ്ട്രീയ കരുനീക്കങ്ങളുടെയും ആസ്ഥാനമാണ് ഡൽഹി. അങ്ങനെ എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ പരിച്ഛേദം. എണ്ണമറ്റ സാമ്രാജ്യങ്ങളുടെയും ജനാധിപത്യ ഭരണകൂടങ്ങളുടെയും ഉയർച്ച-താഴ്ചകൾക്ക് സാക്ഷ്യം വഹിച്ച ഈ മഹാനഗരത്തിലാണ് ഇന്നലെ കുരുത്ത ഒരു കൊച്ച് രാഷ്ട്രീയ പാർട്ടി സർവ്വരെയും അമ്പരപ്പിച്ച തെരഞ്ഞെടുപ്പ് വിജയം നേടിയത്. 70 അംഗ നിയമസഭയിൽ 28 സീറ്റുകൾ നേടി രണ്ടാമത് എത്തിയത് മാത്രമല്ല ആം ആദ്മി പാർട്ടിയുടെ വിജയത്തിന്റെ പ്രാധാന്യം. മറിച്ച് ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഉണ്ടാകുമായിരുന്ന തത്വരഹിതമായ ഒരു കുതിരക്കച്ചവടത്തിന്റെ സാദ്ധ്യത കൂടി വൃഥാവിലാക്കിയെന്നതു കൂടിയാണ്.

 

സത്യസന്ധത, വാക്കിലും പ്രയോഗത്തിലും

 

വാസ്തവത്തിൽ, ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ എന്തെങ്കിലും മാജിക്ക് ഉണ്ടോ? അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരവേദിയിൽനിന്ന് ബീജാവാപം ചെയ്ത ഈ പാർട്ടി, സത്യത്തിൽ ഒരു ഏക അജണ്ട പാർട്ടിയാണ്. പ്രത്യയശാസ്ത്ര ഭാണ്ഡക്കെട്ടുകളുടെയും സാമ്പത്തിക നയ പദ്ധതികളുടെയും ഭാരം ചുമലിലേറ്റാത്ത പാർട്ടി. ഭാരതീയർ നേരിടുന്ന സങ്കീർണ്ണങ്ങളായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ സംബന്ധിച്ച് സുവ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയോ ബദൽ പരിപാടികൾ മുന്നോട്ടു വയ്ക്കുകയോ ചെയ്യാത്ത പാർട്ടി. അതിനായി മാരത്തോൻ ചർച്ചകൾ നടത്താത്ത, പ്രമേയങ്ങൾ പാസ്സാക്കാത്ത പാർട്ടി. അഴിമതി വിരുദ്ധതയെന്ന ഏക അജണ്ടയിൽ, ഏറെക്കുറെ ഉപരിപ്ലവമായ മുദ്രാവാക്യത്തിന്റെ പിൻബലത്തിൽ എങ്ങനെയാണ് ഇവര്‍ ജനവിശ്വാസം ആർജ്ജിച്ചത്? ഇവിടെയാണ് ആം ആദ്മി പാർട്ടിയുടെ പ്രവർത്തനശൈലി പ്രസക്തമാകുന്നത്. അഴിമതി വിരുദ്ധ സൽഭരണമെന്ന അവരുടെ ഒറ്റ മുദ്രാവാക്യം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും പ്രകടമാക്കാൻ അവർ ശ്രമിച്ചു. അവർ ചേരി നിവാസികളുടെ ഹൃദയത്തോട് സംസാരിച്ചു. ഭരണകൂടവുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൊച്ച് കൊച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സങ്കടക്കാരന്റെ കയ്യും പിടിച്ച് അവർ ബന്ധപ്പെട്ട അധികാരികളുടെ അടുത്തേക്ക് ചെന്നു. പ്രശ്‌നങ്ങളിൽ ഇടപെട്ടു. എന്തിനും ഏതിനും കൈക്കൂലി ചോദിക്കന്ന ഉദ്യോഗസ്ഥരെ ചെറുത്തു. പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തുടങ്ങി. ഓട്ടോ റിക്ഷാക്കാരെ സംഘടിപ്പിച്ച് അവരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വിജയകരമായി പോരാടി. വൈദ്യുതി നിരക്ക് വർദ്ധിച്ചപ്പോൾ അവർ ഹർത്താൽ നടത്തുകയല്ല ചെയ്തത്. വൈദ്യുതി ബില്ല് അടയ്ക്കുന്നതിൽ നിന്നും അവർ ജനങ്ങളെ പിന്തിരിപ്പിച്ചു കൊണ്ട് സമാധാനപരമായ ഗാന്ധിയൻ നിയമലംഘന സമരത്തിന് നേതൃത്വം നൽകി. ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ കണക്ഷൻ വിച്ഛേദിച്ചപ്പോൾ പാർട്ടിയുടെ സാങ്കേതിക വിദഗ്ദ്ധർ അത് പുനഃസ്ഥാപിച്ച് കൊടുത്തുകൊണ്ട് ഭരണ സംവിധാനത്തെ ഞെട്ടിച്ചു. നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷ വിപ്ലവ പാർട്ടികൾക്ക് (ക്ഷമിക്കുക വ്യവസ്ഥാപിതത്വവും വിപ്ലവവും ഒന്നിച്ചു പോകുന്നതല്ലല്ലോ, വ്യവസ്ഥാപിതത്വത്തിന് വിപരീതമാണല്ലോ വിപ്ലവം) സ്വതന്ത്ര ഇന്ത്യയിൽ ചിന്തിക്കാനാകാത്ത സമരരൂപം. ധർണ്ണയ്ക്കും പിക്കറ്റിംഗിനും ഹർത്താലിനുമപ്പുറം സമാധാനപരമായ നിയമനിഷേധമെന്ന ഗാന്ധിയൻ രാഷ്ട്രീയ പ്രക്ഷോഭണ ശൈലിയിലെ വിപ്ലവപരത സ്ഫുരിക്കുന്ന ഉജ്ജ്വല സമര സമ്പ്രദായത്തോളം പോലും സഞ്ചരിക്കാനാകാത്ത വിധം ഗതാനുഗത സമരരൂപങ്ങൾക്ക് ചുറ്റും ഇന്ത്യയിലെ 'വ്യവസ്ഥാപിത വിപ്ലവപാർട്ടികൾ' വട്ടം കറങ്ങുമ്പോഴാണ് കെജ്‌രിവാൾ പുത്തൻ സമരരൂപങ്ങൾ സാക്ഷാൽ ചെങ്കോട്ടയിൽ തന്നെ പരീക്ഷിച്ച് വിജയിച്ചത്.

 

ആം ആദ്മി പാർട്ടിയുടെ വോട്ട്ബാങ്കായത് ഇന്ദ്രപ്രസ്ഥത്തിലെ വരേണ്യ ജനതയായിരുന്നില്ല. തീർച്ചയായും അവരിൽ ഒരു വിഭാഗവും ആം ആദ്മിയെ പിന്തുണച്ചിരുന്നിരിക്കും. എങ്കിലും പാർട്ടിയുടെ വിജയത്തിന് അടിത്തറ പാകിയത് ഡൽഹിയിലെ പുറമ്പോക്കുകളിലും ചേരികളിലും തിങ്ങി പാർക്കുന്ന പാർശ്വവൽകൃത ജനതയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്ങനെയാണ് കെജ്‌രിവാളിനും കൂട്ടർക്കും ഈ പാവങ്ങളുടെ ഹൃദയം കവരാൻ കഴിഞ്ഞത്? അതിന്റെ രഹസ്യം വാക്കും പ്രവൃത്തിയും സമന്വയിപ്പിക്കുന്നതിൽ അവർ പ്രകടിപ്പിച്ച നിഷ്‌ക്കർഷതയാണ്. വാക്കിലും പ്രയോഗത്തിലും പാലിച്ച ചാഞ്ചല്യ ലേശമില്ലാത്ത സത്യസന്ധതയും സുതാര്യതയുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന് അന്യമായിക്കൊണ്ടിരുന്ന ഈ മൂല്യങ്ങളോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണ്. രാഷ്ട്രീയത്തെ ജനസേവനത്തിന് പകരം അധികാരം വെട്ടിപ്പിടിക്കാനും സമ്പത്ത് കുന്നു കൂട്ടാനും സന്തതി പരമ്പരകളെ അധികാര സിംഹാസനത്തിൽ അവരോധിക്കുന്നതിനുമുള്ള മാർഗ്ഗമാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികളെ കണ്ട് മടുത്ത ജനങ്ങൾക്ക് മുമ്പിൽ തങ്ങൾ പറയുന്നത് ചെയ്യുന്ന വ്യത്യസ്ത പാർട്ടിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് ആം ആദ്മിയുടെ വിജയരഹസ്യം. ഈ പാർട്ടി തങ്ങൾക്ക് വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന തങ്ങളുടെ സേവകരാണെന്ന് പ്രവൃത്തിയിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ് സാധാരണക്കാരുടെ വിശ്വാസമാർജ്ജിക്കാൻ കെജ്‌രിവാളിനും കൂട്ടർക്കും കഴിഞ്ഞത്. മൂല്യച്യുതിയും വിശ്വാസരാഹിത്യവുമാണല്ലോ ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്ര.

 

ചാരുകസേര കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു പാഠം

 

ആരുടെ രാഷ്ട്രീയ ഇടമാണ് ആം ആദ്മി പാർട്ടി കവർന്നതെന്ന ചോദ്യം പ്രസക്തമാണ്. തീർച്ചയായും അത് ബി.ജെ.പി, കോൺഗ്രസ്സ് തുടങ്ങിയ വലതുപക്ഷ പാർട്ടികളുടേതല്ല. ഇടതുപക്ഷത്തിന്റെ തന്നെയാണ്. ഇന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രകടിപ്പിച്ചതിനെക്കാൾ ആഴത്തിലുള്ള ആത്മബന്ധം അടിച്ചമർത്തപ്പെട്ട, അവകാശങ്ങൾ നിഷേധിക്കപ്പെട്ട, അവശ ജനതയുമായി സ്ഥാപിക്കാൻ, നിലനിർത്താൻ പ്രതിജ്ഞാബദ്ധരായവർ ഇടതുപക്ഷമാണ്, കമ്മ്യൂണിസ്റ്റുകാരാണ്. അധ:സ്ഥിതന്റെയും അശണന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും കുടിലുകളിലും കൂരകളിലും കയറി ഇറങ്ങാനും അവരുടെ മനുഷ്യാവകാശങ്ങളുടെയും ആത്മാഭിമാനത്തിന്റെയും കാവൽക്കാരായി നിന്നു കൊണ്ട് അവരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞ കാലത്താണ് വോട്ടുകൾ പെട്ടിയിൽ വീഴുന്നതിനു മുമ്പേ കമ്മ്യൂണിസ്റ്റ് ചിഹ്നത്തിൽ പതിയുന്ന വോട്ടുകളുടെ കണക്ക് എണ്ണം തെറ്റാതെ പ്രവചിക്കാൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് കഴിഞ്ഞിരുന്നത്. ആ ബന്ധം അറ്റുപോയതോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ജൈവത നഷ്ടപ്പെട്ട യന്ത്രസമാനമായ ഉദ്യോഗസ്ഥ മനോഭാവത്തിലേക്ക് വഴുതിപ്പോയത്. കണക്കുകൂട്ടലുകൾ പിഴച്ചു തുടങ്ങിയത്. ഡൽഹി പോലെ ചേരികൾ തിങ്ങി നിറഞ്ഞ മഹാനഗരങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനബന്ധമില്ലാത്ത ചാരുകസേര കമ്മ്യൂണിസ്റ്റുകളായി അധ:പതിച്ചു പോയത്.

 

ഇടതുപക്ഷക്കാരെ, കമ്മ്യൂണിസ്റ്റുകാരെ സാധാരണ ജനങ്ങളുമായി എങ്ങനെയാണ് ഹൃദയബന്ധം പുലർത്തേണ്ടതെന്ന് പഠിപ്പിക്കുകയാണ് കെജ്‌രിവാൾ സംഘം ഡൽഹിയിൽ ചെയ്ചത്. നാടുവാഴി- ജന്മി-ഫ്യൂഡൽ വാഴ്ചക്കാലത്ത് മാത്രമല്ല, ആധുനിക പരിഷ്‌കൃത കാലത്തും നിന്ദിതരും പീഡിതരുമുണ്ടെന്നും അവരുമായി ആത്മബന്ധം സാദ്ധ്യമാണെന്നുമാണ് ആം ആദ്മി പാർട്ടി പഠിപ്പിച്ച പാഠം. ആം ആദ്മി പാർട്ടിയിൽ നിന്നും പഠിക്കേണ്ടത്, തീർച്ചയായും ഇടതുപക്ഷമാണ്, കമ്മ്യൂണിസ്റ്റുകാരാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് അടുക്കാറായി. 1920ൽ കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന് ഓർക്കണം. ഇന്ത്യയിൽ ഒൻപത് ദശാബ്ദത്തെ പ്രവർത്തന ചരിത്രമുള്ള തങ്ങൾക്ക് കഴിയാത്തത് ഒരു വർഷത്തെ ചരിത്രമില്ലാത്ത ആം ആദ്മി പാർട്ടിക്ക് എങ്ങനെ സാധിച്ചുവെന്ന ചോദ്യമാണ് ഡൽഹിയിൽ കേന്ദ്രീകരിച്ചിരിക്കുന്ന മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്ര വിശാരദരും ബുദ്ധിജീവി കമ്മ്യൂണിസ്റ്റുകളും തങ്ങളോട് തന്നെ നിരന്തരം ചോദിക്കേണ്ടത്.

 

അനോമിക് ആൾക്കൂട്ടങ്ങള്‍

 

ഇത് പറഞ്ഞതുകൊണ്ട് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പക്വമാർന്ന ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന് അർത്ഥമില്ല. അതിന് ബലിഷ്ഠമായ ഒരു രാഷ്ട്രീയ അസ്തിത്വമുണ്ടെന്ന് കരുതാനുമാകില്ല. പലരും വിമർശിച്ചതുപോലെ അഴിമതി വിരുദ്ധത എന്ന ഒറ്റവികാരത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട ഒരു വൈകാരിക കൂട്ടായ്മയ്ക്കപ്പുറം ബലിഷ്ഠമായ യാതൊരു അടിത്തറയുമതിനില്ല.  ഇടത് ആണോ എന്ന് ചോദിച്ചാൽ ഇടതല്ല, വലത് ആണോ എന്ന് ചോദിച്ചാൽ വലതല്ല, മദ്ധ്യമമാണോ എന്ന് ചോദിച്ചാൽ അതുമല്ല. ചുരുക്കത്തിൽ ആശയ സമീപനത്തിൽ തികഞ്ഞ അവ്യക്തതയോ ആശയക്കുഴപ്പമോ ആണ് അവരുടെ പ്രത്യയശാസ്ത്രം അഴിമതിക്കെതിരെ ഉപരിപ്ലവ മുദ്രാവാക്യമുയർത്തുന്നതല്ലാതെ അഴിമതിയുടെ അടിസ്ഥാന കാരണമെന്തന്നത് അവരെ അലോസരപ്പെടുത്തുന്ന ഘടകമല്ല. അസമത്വവും അനീതിയും സമ്പന്ന-ദരിദ്ര സാമ്പത്തിക വിഭജനവും മുഖമുദ്രയായിട്ടുള്ള ഒരു പണാധിപത്യ അരക്ഷിത സാമൂഹിക സംവിധാനത്തിന്റെ അനിവാര്യ ഉല്പന്നമാണ് അഴിമതിയെന്ന യാഥാർത്ഥ്യം കാണാൻ അഴിമതി വിരുദ്ധ സമരത്തിന്റെ അപ്പോസ്തലനായ അണ്ണാഹാസരെയ്ക്കും കെജ്‌രിവാൾ ഉൾപ്പെടെയുള്ള ശിഷ്യർക്കും കഴിയുന്നില്ലെന്നുള്ളതാണ് വസ്തുത. നിയമ നിർമ്മാണം കൊണ്ടോ പ്രക്ഷോഭണം കൊണ്ടോ മാത്രം അഴിമതി തുടച്ചു നീക്കാനാവില്ലെന്ന യാഥാർത്ഥ്യവും അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. പണത്തിന് അമിത പ്രാധാന്യം കല്പിക്കുന്ന വ്യവസ്ഥയും സംസ്‌ക്കാരവും നിലനില്ക്കുന്ന കാലത്തോളം അഴിമതിയ്ക്കും അന്ത്യമുണ്ടാവില്ല. അതുകൊണ്ട് നിയമം വേണ്ടന്നല്ല. നിയമത്തിന് പരിമിതികളുണ്ടെന്നാണ് പറഞ്ഞു വരുന്നത്. പണാധിപത്യ വ്യവസ്ഥയുടെ ഉടച്ചു വാർക്കലിലൂടെ, സമത്വത്തിലും തുല്യതയിലും നീതിയിലുമധിഷ്ഠിതമായ ഒരു സുരക്ഷിത സാമൂഹ്യ സൃഷ്ടിയിലൂടെ അഴിമതി ഉൾപ്പടെയുള്ള സംവിധാന തകരാറുകൾ ശാശ്വതമായി പരിഹരിക്കാനാകൂ. അതിന് വേണ്ടത് സാമൂഹിക വ്യവസ്ഥയുടെ പുനഃക്രമീകരണത്തിലൂടെ സങ്കീർണ്ണങ്ങളായ ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പര്യാപ്തമായ ആശയ അടിത്തറയിലുറച്ച നിലപാടുകളും ബദൽ നയപരിപാടികളുമാണ്. നിലവിലിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ഘടനയെ ശക്തമായി അനുകൂലിക്കുകയോ ബദൽ സാമൂഹിക സാമ്പത്തിക നയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് പ്രതികൂലിക്കുകയോ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിത്തറയുള്ള പ്രസ്ഥാനങ്ങൾക്കേ രാഷ്ട്രീയ പാർട്ടികൾ എന്ന സ്ഥാനം അവകാശപ്പെടാൻ കഴിയുകയുള്ളൂ. അല്ലാതെയുള്ളതെല്ലാം, താൽക്കാലിക തെരഞ്ഞെടുപ്പ്  വിജയങ്ങൾ നേടിയാലും, വൈകാരിക മുദ്രാവാക്യങ്ങളുടെ ചുറ്റും ഒത്തുകൂടുന്ന അനോമിക് (Anomic) എന്നു വിശേഷിപ്പിക്കാവുന്ന അല്പായുസ്സുള്ള താൽക്കാലിക ആൾക്കൂട്ടങ്ങളാകാനെ കഴിയൂ.

 

ആം ആദ്മി പാർട്ടി നേരിടുന്ന ദോഷം ഇതാണ്. അതുകൊണ്ട് ആ പാർട്ടിക്ക് ദീർഘായുസ്സുള്ള  ഒരു രാഷ്ട്രീയ അസ്തിത്വം സാദ്ധ്യമാണോയെന്നത് കാത്തിരുന്നു കാണുകയേ തരമുള്ളൂ. പക്ഷേ ആം ആദ്മി  ഒരു താൽക്കാലിക പ്രതിഭാസമായി ഒടുങ്ങിയാൽപോലും അവർ വെട്ടിത്തെളിച്ച ജനകീയ രാഷ്ട്രീയ ശൈലി വിസ്മരിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്ക്, പ്രത്യേകിച്ച് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അധികനാൾ നിലനില്ക്കാനാകില്ല

Tags: