സി.പി.ഐ.എം സോളാര്‍ സമരം അവസാനിപ്പിക്കണം

ഡോ. എന്‍. ജയദേവന്‍
Wednesday, September 4, 2013 - 1:14pm
ചെമ്മാനം
രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

നവഉദാര സാമ്പത്തിക നയങ്ങൾക്കെതിരെ ആഗോളമായി ഉയർന്നുവരുന്ന പുത്തൻ സമരരൂപങ്ങളോട് സമാനതയുള്ളതെന്നും കേരളത്തിന്റെ ജനകീയ പോരാട്ട ചരിത്രത്തിൽ ഇതിഹാസമാനമാർന്ന ഒരു പുത്തൻ ഏട് വിരചിക്കുന്നതെന്നും ഭരണസിരാകേന്ദ്രത്തെ നിശ്ചലമാക്കിയ അഭൂതപൂർവ്വമായ ജനമുന്നേറ്റമെന്നും ഇടതുപക്ഷത്തിനുമാത്രം സാദ്ധ്യമായ സംഘടനാ വൈഭവത്തിന്റെ അനുപമമായ മാതൃകയെന്നും വിശേഷിപ്പിക്കപ്പെട്ട സെക്രട്ടറിയേറ്റ് ഉപരോധ സമരം, സമരഭടന്മാരായെത്തിയ പതിനായിരങ്ങളെയും ജനസാഗരത്തിനു മുന്നിൽ വിറങ്ങലിച്ചുപോയ ഉമ്മൻചാണ്ടിയെയും കൂട്ടരെയും ഒരുപോലെ സ്തബ്ധരാക്കിക്കൊണ്ട് അവസാനിപ്പിച്ച രീതിയും സാഹചര്യങ്ങളും രാഷ്ട്രീയ കേരളം ഒട്ടേറെ ചർച്ച ചെയ്തുകഴിഞ്ഞു. ഉപരോധ സമരം തിടുക്കത്തിൽ പിൻവലിച്ചതിന്റെ കാരണമായി മാധ്യമങ്ങൾ വിസ്തരിക്കുന്ന പിന്നാമ്പുറ കഥകളുടെ ഉള്ളറകളിലേക്ക് ഊളിയിടാനുള്ള പരിശ്രമമല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച് ഈ സമരം യഥാർത്ഥത്തിൽ രാഷ്ട്രീയമായി ശക്തിപ്പെടുത്തിയത് എൽഡിഎഫിനെയോ അതോ ഉമ്മൻചാണ്ടിയെയും യുഡിഎഫിനെയുമോ എന്ന ഒരന്വേഷണത്തിനാണ് ഇവിടെ ശ്രമിക്കുന്നത്.
 

സോളാര്‍ കേസിലെ രാഷ്ട്രീയ പ്രശ്നം

സോളാർ കേസ് വാസ്തവത്തിൽ, കുറെ സ്വകാര്യവ്യക്തികൾ ഉൾപ്പെടുന്ന ഒരു തട്ടിപ്പോ, പണാപഹരണോ, ചതിയോ, വഞ്ചനയോ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അധോലോക സ്വഭാവമുള്ള ഒരു ചതിക്കഥയാണ്. ഇത്തരത്തിലുള്ള അനേകം തട്ടിപ്പുകൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പണാധിപത്യ മുതലാളിത്ത നവ ഉദാര ജീവിത മൂല്യങ്ങൾ ഉണർത്തിവിടുന്ന ആർഭാഢഭ്രമവും പണാർത്തിയും ഇത്തരം തട്ടിപ്പു സംഘങ്ങൾക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നുണ്ട്. ധാരാളം 'മാന്യന്മാർ' ഹിതമായും അവിഹിതമായും സമ്പാദിച്ച കണക്കിൽപ്പെടുന്ന നല്ലപണവും കണക്കിൽപ്പെടാത്ത കള്ളപ്പണവും ഇതുപോലുള്ള തട്ടിപ്പു സംഘങ്ങളിൽ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട് മാനഭയത്താലും നിയമഭയത്താലും ജീവഭയത്താലും നിശബ്ദരായി കഴിയുന്നുണ്ട്. നേർപണം നഷ്ടപ്പെട്ട ചിലർ പരാതിയുമായി വരുമ്പോഴാണ് തട്ടിപ്പുകൾ പുറംലോകം അറിയുന്നത്. കള്ളപ്പണം നിക്ഷേപിച്ചവരാരും തിരികെ ചോദിക്കില്ലെന്നതുകൊണ്ട് പിടിക്കപ്പെട്ടാലും തട്ടിപ്പുകാർക്ക് എന്നും നേട്ടമാണ്. ഈ വക തട്ടിപ്പുകൾ സ്വകാര്യകേസ്സുകൾ എന്നതിനപ്പുറം രാഷ്ട്രീയ മാനങ്ങൾ ആർജ്ജിക്കാറില്ല.

 

തട്ടിപ്പിന് ഇരയായവർ പരാതി പറഞ്ഞിട്ടും ചീഫ് വിപ്പടക്കം പലരും മുന്നറിയിപ്പു നൽകിയിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ അസത്യങ്ങൾ ആവർത്തിച്ചുകൊണ്ട് അധികാരത്തിന്റെ സൗകര്യങ്ങൾ അവിഹിതമായി ഉപയോഗപ്പെടുത്തി സത്യത്തിന്റെ തിരുവാതിൽ ബന്ധിക്കാനാണ് ഉമ്മൻചാണ്ടിയും കൂട്ടാളികളും ശ്രമിച്ചത്.

 

എന്നാൽ, സോളാർ തട്ടിപ്പ് എന്തുകൊണ്ടാണ് ഒരു പൊതുപ്രശ്‌നമായും രാഷ്ട്രീയ പ്രശ്‌നമായും മാറിയത്? നിസ്സംശയം പറയാം, സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരിൽ ചിലർക്കും തട്ടിപ്പിലെ മുഖ്യകഥാനായിക സരിതയുമായുള്ള ബന്ധമാണ്. ഉമ്മൻചാണ്ടി മന്തിസഭയിലെ ചില മന്ത്രിമാർക്ക് സരിതയുമായി ഉണ്ടെന്നു കേൾക്കുന്ന അടുപ്പമാണ്. മുഖ്യപ്രതി ബിജുരാധാകൃഷ്ണനുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ രഹസ്യ സംഭാഷണമാണ്. ഉമ്മൻചാണ്ടി ബിജുവുമായി കുടുംബപ്രശ്‌നം സംസാരിക്കാൻ ബിജു ഉമ്മൻചാണ്ടിയുടെ ബന്ധുവോ, സുഹൃത്തോ, നാട്ടുകാരനോ പാർട്ടിയിലെ സഹപ്രവർത്തകനോ അല്ല. ഉമ്മൻചാണ്ടി തന്നെ പറയുന്നത് ബിജു തനിക്ക് അപരിചിതനാണെന്നാണ്. അപരിചിതന്റെ കുടുംബ പ്രശ്‌നത്തിൽ ഒരു പൊതുപ്രവർത്തകനോ രാഷ്ട്രീയ നേതാവോ ഇടപെടുന്നത് നാട്ടുനടപ്പല്ല. അപ്പോൾ പിന്നെ ഉമ്മൻചാണ്ടിയും ബിജുവും തമ്മിലുള്ള ബന്ധം എന്തു സ്വഭാവത്തിലുള്ളതാണെന്ന ചോദ്യം പ്രസക്തമാണ്. തട്ടിപ്പിന് ഇരയായവർ പരാതി പറഞ്ഞിട്ടും ചീഫ് വിപ്പടക്കം പലരും മുന്നറിയിപ്പു നൽകിയിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ അസത്യങ്ങൾ ആവർത്തിച്ചുകൊണ്ട് അധികാരത്തിന്റെ സൗകര്യങ്ങൾ അവിഹിതമായി ഉപയോഗപ്പെടുത്തി സത്യത്തിന്റെ തിരുവാതിൽ ബന്ധിക്കാനാണ് ഉമ്മൻചാണ്ടിയും കൂട്ടാളികളും ശ്രമിച്ചത്. ഇനി ഉമ്മൻചാണ്ടിക്ക് ബിജുവും സരിതയുമായുണ്ടായ കൂടിക്കാഴ്ചകൾ നിർദ്ദോഷമായ യാദൃശ്ചികതകളാണെന്നിരിക്കട്ടെ, എന്നാലും തന്റെ ഓഫീസ്സിലെ ജീവനക്കാർക്ക് സോളാർ തട്ടിപ്പിലുള്ള പങ്കാളിത്തത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഉമ്മൻചാണ്ടിക്കില്ലേ? ഏതൊരു ഓഫീസ് മേധാവിയും തന്റെ ഓഫീസിലുണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയമപരമായും ധാർമ്മികമായും ബാദ്ധ്യസ്ഥയാണ്. ആ ഓഫീസ് മേധാവി ഒരു സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് മറ്റൊരു ബാദ്ധ്യതകൂടിയുണ്ട്, നാടിന്റെ സംസ്‌കാരവും രാഷ്ട്രീയ സദാചാരവും ഉയർത്തിപ്പിടിക്കുകയെന്ന ബാദ്ധ്യത. ഉൽകൃഷ്ടമായ രാഷ്ട്രീയ സദാചാരത്തിന്റെ നിവർന്നു നിൽക്കേണ്ട ശിരസ്സ് ഛേദിച്ചുകൊണ്ട് എന്ത് അപമാനം സഹിച്ചും താൻ അധികാരത്തിൽ തുടരുമെന്ന് അട്ടഹസിക്കുന്ന ഒരു മുഖ്യമന്ത്രി ഒരു നാടിനെയും ജനതയെയുമാണ് അപമാനത്തിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നത്. എത്ര അപമാനിതനായാലും എത്ര അവഹേളിതനായാലും അധികാരം വിട്ടൊഴിയില്ലെന്ന് വിളിച്ച് കൂവാനുള്ള ചർമ്മബലം പ്രദർശിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയുമെന്നല്ല ലോകത്തിലെ തന്നെ ഏക ഭരണാധികാരി, ഒരു പക്ഷേ ഉമ്മൻചാണ്ടി ആയിരിക്കും. രാഷ്ട്രീയ സദാചാരത്തോടും പൊതുപ്രവർത്തകർ പുലർത്തേണ്ട ധാർമ്മിക മൂല്യങ്ങളോടും ഉമ്മൻചാണ്ടിക്കുള്ള നിഷേധാത്മകവും നിന്ദാത്മകവുമായ നിലപാടാണ് സോളാർ തട്ടിപ്പിനെ ഒരു വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിയത്.

 

ഉമ്മന്‍ചാണ്ടിയുടെ ഒറ്റപ്പെടല്‍

 

ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി രാജിവച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രക്ഷോഭണം ആരംഭിച്ചത്. ഒരുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സമരപരമ്പരകൾ അരങ്ങേറിക്കൊണ്ടിരുന്നപ്പോൾ മറുവശത്ത് സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പുതിയ വെളിപ്പെടുത്തലുകൾ ദിനംപ്രതി വന്നുകൊണ്ടിരുന്നു. ജനരോഷം മൂലം ഉമ്മൻചാണ്ടിക്ക് പൊതുപരിപാടികൾ റദ്ദുചെയ്യേണ്ടിവന്നു, വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി. സംസ്ഥാനത്തെ ഉന്നത നീതിപീഠമായ ഹൈക്കോടതിയിൽനിന്നുപോലും കേസ് അന്വേഷണത്തിന്റെ രീതിയോടും മുഖ്യമന്ത്രിയുടെ പങ്കിനെ സംബന്ധിച്ചും അസ്വാസ്ഥ്യജനകമായ പരാമർശങ്ങൾ ഉണ്ടായി. മാധ്യമങ്ങളിലേറിയപങ്കും ഉമ്മൻചാണ്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുകൾ മത്സരബുദ്ധിയോടെ ഓരോ ദിവസവും പുറത്തുവിട്ടുകൊണ്ടിരുന്നു.

 

ഇതിന്റെയെല്ലാം ഫലം പൊതു സമൂഹത്തിലും ഭരണമുന്നണിയിലും സ്വന്തം പാർട്ടിയിലും ഉമ്മൻചാണ്ടിയുടെ സഹതാപാർഹമായ ഒറ്റപ്പെടലായിരുന്നു. ജനകീയ മുഖ്യമന്ത്രിയെന്ന ഉമ്മൻചാണ്ടിയുടെ പരിവേഷം പളുങ്കുപാത്രംപോലെ നിലത്തുവീണ് ചിന്നിച്ചിതറി. സുതാര്യതയുടെ പുറംപൂച്ചിൽ അതാര്യതയും നിഗൂഢതകളുമാണ് അരങ്ങ് തകർക്കുന്നതെന്ന് കേരളം തിരിച്ചറിഞ്ഞു. കെ. കരുണാകരനെ കടത്തിവെട്ടുന്ന കള്ളം മൊഴിയുന്ന നാവിന്റെയും കാപട്യത്തിന്റെയും പര്യായമാണ് ഉമ്മൻചാണ്ടിയെന്ന് ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങി. ഭരണമുന്നണിക്കുതന്നെ ഉമ്മൻചാണ്ടി ഒരു ബാദ്ധ്യതയായി മാറി. അതിന്റെ സൂചന പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കെ.എം. മാണിയുടെയും നാവിൽ നിന്നുതന്നെ വീണു. ഇങ്ങനെ പോയാൽ അടുത്തു നടക്കാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഗതി അധോഗതിയായിരിക്കുമെന്ന് ലീഗ് മുഖപത്രം ചന്ദ്രിക വിലപിച്ചു. കോൺഗ്രസ്സിനുള്ളിൽ തന്നെ ഐഗ്രൂപ്പ് പരസ്യമായും രഹസ്യമായും ഉമ്മൻചാണ്ടിക്കെതിരെ കലാപക്കൊടി ഉയർത്തി. എ ഗ്രൂപ്പിലെ തന്നെ പ്രബലന്മാർ പലരും ഉമ്മൻചാണ്ടിയിൽനിന്നും അകന്നു. ഉമ്മൻചാണ്ടിക്കു വേണ്ടി പടനയിക്കാനും ചാവേറുകളാകാനും ഒരു കെ.സി. ജോസഫും എം.എം.ഹസ്സനും ബന്നിബഹനാനും അത്ര പ്രബലരല്ലാത്ത വിഷ്ണുനാഥും ടി.സിദ്ദിക്കും മാത്രമേയുള്ളൂ എന്ന സ്ഥിതിയായി. ഉമ്മൻചാണ്ടിയുടെ രാജി ആഗ്രഹിക്കാത്തവരായി കേരള ജനതയിൽ ഒരു സൂക്ഷ്മ ന്യൂനപക്ഷമായ എഗ്രൂപ്പിലെ ഒരു വിഭാഗം മാത്രമേയുള്ളെന്നുള്ള നിലയായി. എൽഡിഎഫും ബിജെപിയും രാഷ്ട്രീയസദാചാരത്തിന് മൂല്യം കല്പിക്കുന്ന പൗരസമൂഹവും മാത്രമല്ല ഭരണമുന്നണിയിലെ പലകക്ഷികളും കോൺഗ്രസ്സിലെ ഐ ഗ്രൂപ്പും എ വിഭാഗത്തിലെ ആന്റണി-സുധീരൻ പക്ഷവും പരസ്യമായി പറഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് ഉമ്മൻചാണ്ടിയുടെ രാജി ആഗ്രഹിച്ചു. കെ.എം.മാണി, പി.സി.ജോർജ്ജിലൂടെ പരസ്യമായിതന്നെ ഈ ആവശ്യം ഉന്നയിച്ചു. അങ്ങനെ ആർക്കും വേണ്ടാത്ത മുഖ്യമന്ത്രിയായി താൻ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ നിന്നാണ് ചെന്നിത്തലയെക്കൂടി മന്ത്രിസഭയിലെടുത്ത് ഐഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിച്ച് കസേര നിലനിർത്താൻ ഉമ്മൻചാണ്ടി അവസാനശ്രമം നടത്തിയത്. ആ ശ്രമം ഹൈക്കമാന്റിന്റെ അപ്രീതി ഏറ്റുവാങ്ങുന്നതിലുമാണ് കലാശിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പുവരെ മാത്രമേ തന്റെ മുഖ്യമന്ത്രി കസേരയുടെ ആയുസ്സ് ഹൈക്കമാന്റ് നീട്ടിതന്നിട്ടുള്ളുവെന്ന് തിരിച്ചറിഞ്ഞ ഉമ്മൻചാണ്ടി തികച്ചും ഭഗ്നാശനായി. കരുണാകരൻ-ആന്റണി സമവാക്യം പോലെ തനിക്ക് തുല്യനായി ഒരു നേതാവ് ഐ-ഗ്രൂപ്പിന് ഇന്ന് ഇല്ലെന്നുള്ളതാണ് ഉമ്മൻചാണ്ടിയുടെ രക്ഷ.

 

എൽഡിഎഫും ബിജെപിയും രാഷ്ട്രീയസദാചാരത്തിന് മൂല്യം കല്പിക്കുന്ന പൗരസമൂഹവും മാത്രമല്ല ഭരണമുന്നണിയിലെ പലകക്ഷികളും കോൺഗ്രസ്സിലെ ഐ ഗ്രൂപ്പും എ വിഭാഗത്തിലെ ആന്റണി-സുധീരൻ പക്ഷവും പരസ്യമായി പറഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് ഉമ്മൻചാണ്ടിയുടെ രാജി ആഗ്രഹിച്ചു.

 

ഉമ്മൻചാണ്ടി ഈവിധം പൊതുസമൂഹത്തിന്റെ മുന്നിലും യുഡിഎഫിനുള്ളിലും സ്വന്തം പാർട്ടിക്കുള്ളിലും സഹതാപാർഹമായ വിധം ഒറ്റപ്പെട്ട് ദുർബ്ബലനായിത്തീർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനും തയ്യാറില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധമെന്ന അന്തിമസമരത്തിന് എൽഡിഎഫ് ഇറങ്ങിപ്പുറപ്പെട്ടത്. കേരളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത, സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെ സ്പർശമുള്ള അതിനൂതനവും ആഗോളമായി ഉയർന്നു വരുന്ന ജനകീയപോരാട്ടങ്ങളുടെ ഗന്ധവുമുള്ള ഉപരോധസമരത്തിൽ പതിനായിരങ്ങളെ സെക്രട്ടറിയേറ്റിനു ചുറ്റും സമാധാനപരമായി അണിനിരത്തുന്നതു കണ്ടപ്പോൾ ഭരണസിരാകേന്ദ്രം ഞെട്ടിവിറയ്ക്കുകയും ഉമ്മൻചാണ്ടി അക്ഷരാർത്ഥത്തിൽ തന്നെ അമ്പരക്കുകയും ചെയ്തു. ഉമ്മൻചാണ്ടിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നാനാഭാഗത്ത് നിന്നുമുയർന്ന എതിർപ്പിന്റെ സയുക്തിക പരിണാമമായിരുന്നു അദ്ദേഹം നടത്തിയ ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം. അന്വേഷണത്തിന് ആധാരമായ വിഷയങ്ങളുടെ മർമ്മം ഒഴിവാക്കിക്കൊണ്ടുള്ള അപൂർണ്ണ ജൂഡീഷ്യൽ അന്വേഷണം ഉമ്മൻചാണ്ടി പ്രഖ്യാപിച്ച് മിനിട്ടുകൾക്കുള്ളിൽ ഉപരോധസമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനവുമുണ്ടായി.

 

വിശദീകരിക്കാനാകാത്ത പിന്മാറ്റം

 

ഉമ്മൻചാണ്ടി രാജിവെയ്ക്കാതെയുള്ള ജുഡീഷ്യൽ അന്വേഷണം സ്വീകാര്യമല്ലെന്നും ഉമ്മൻചാണ്ടി രാജിവെയ്ക്കാതെ പിരിഞ്ഞു പോകില്ലെന്നും പ്രഖ്യാപിച്ച്, ഒരാഴ്ചക്കാലം തങ്ങാനുള്ള തയ്യാറെടുപ്പുകളുമായി സെക്രട്ടറിയേറ്റ് നടയിലേക്ക് വിളിച്ചു വരുത്തിയ സമരസഖാക്കളെ വിഡ്ഢികളാക്കിക്കൊണ്ടുള്ള ആ പിന്മാറ്റത്തിന്റെ കാരണമെന്താണ്? മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പിമ്പാമ്പുറ കഥകളാണോ? അതോ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ സ്വീകരിച്ചാൽ അത് ജനസമക്ഷം തുറന്നുകാട്ടി ഭരണാധികാരികളെ ഒറ്റപ്പെടുത്തുന്ന ജനാധിപത്യ സമ്പ്രദായത്തിന് പകരം വളഞ്ഞുവെച്ച് രാജിവയ്പ്പിക്കുന്നത് ജനാധിപത്യ രീതിയല്ലെന്ന വൈകിവന്ന വിവേകമാണോ? അതല്ല, പറഞ്ഞു കേൾക്കുന്നതു പോലെ സമരക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുണ്ടായ പ്രായോഗിക വൈഷമ്യങ്ങൾ മൂലമാണോ? അങ്ങനെയാണെങ്കിൽ ഇതുപോലൊരു സമരം സംഘടിപ്പിക്കുമ്പോൾ ആ കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്ന് അറിയാത്തവരാണോ നേതാക്കൾ? അതാണ് കാര്യമെങ്കിൽ അത് പരസ്യമായി പറഞ്ഞുകൊണ്ട് സമരഭടന്മാരിൽ പകുതിപ്പേരെ തിരിച്ചയച്ചുകൊണ്ട് ഒരു ഇരുപതിനായിരം-ഇരുപത്തായ്യായിരം പേരുടെ ഉപരോധം തുടർന്നു കൂടായിരുന്നോ? അതുമല്ലെങ്കിൽ 13-ന് വൈകുന്നേരമെങ്കിലും നീട്ടിക്കൊണ്ടുപോയി ഉമ്മൻചാണ്ടിയുടെ ഓഫീസിനെയെങ്കിലും കൂടി ജൂഡീഷ്യൽ അന്വേഷണ പരിതിയിൽ ഉൾപ്പെടുത്തിക്കുന്നതിനുള്ള സമ്മർദ്ദം തുടർന്നു കൂടായിരുന്നോ? ഏതായാലും 13-ാം തീയതിയിലെ പ്രാഥമിക കൃത്യങ്ങൾ സമരഭടന്മാർ നിർവ്വഹിച്ചു കഴിഞ്ഞിരുന്നതിനാൽ രാത്രി വരെ നിൽക്കുന്നതിന് ആ തടസ്സവും ഉണ്ടാകുമായിരുന്നില്ലല്ലോ? അങ്ങനെ ഉപരോധം നീട്ടിയിരുന്നുവെങ്കിൽ ഉമ്മൻചാണ്ടിയുടെ ഒറ്റപ്പെടൽ പൂർണ്ണമാകുകയും ഇനിയും താഴേക്കിറങ്ങാൻ നിർബന്ധിതനാകുകയും ഒരുപക്ഷേ, രാജിയിൽ കലാശിക്കുന്നതിനും അത് ഇടയാക്കിയേനെ.

എന്താണ് ഈ സമരത്തിന്റെ ബാക്കിപത്രം? ആരാണ് വിജയിച്ചത്? ആരാണ് തോറ്റത്? നേതാക്കൾ എത്ര അവകാശവാദം ഉന്നയിച്ചാലും സമരത്തിൽ പങ്കെടുത്ത പതിനായിരങ്ങൾക്കും അവരെ അവിടെ എത്തിക്കാൻ നാട്ടിൽനിന്ന് പാടുപെട്ട സഖാക്കൾക്കും ഈ സമരത്തിന്റെ പരിണാമത്തിൽ വിജയഭേരി മുഴക്കാനുള്ള വകയൊന്നുമില്ല. മാത്രമല്ല അവരിലധികവും ഇച്ഛാഭംഗവും ജനങ്ങളുടെ പരിഹാസവും കലർന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി വീർപ്പുമുട്ടലുകൾ അനുഭവിക്കുകയുമാണെന്നതാണ് യാഥാർത്ഥ്യം. ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ വളർത്തിയെടുത്ത് ഉച്ചസ്ഥായിയിൽ എത്തിച്ച് അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും മുകളിൽ നിന്ന് തീരുമാനങ്ങളെടുക്കുന്ന നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്. വാൾ സ്ത്രീറ്റിലും, സിയാറ്റിലിലും, തഹ്രീർ സ്‌ക്വയറിലും ഒത്തുകൂടിയ ജനകീയ പ്രക്ഷോഭകർ ഒറ്റദിവസം കഴിഞ്ഞപ്പോൾ പായും മടക്കി പിരിഞ്ഞു പോയിട്ടില്ലെന്ന വസ്തുത ആഗോളമായി ഉയർന്നു വരുന്ന നവജനകീയ പ്രതിരോധങ്ങളെക്കുറിച്ച് വാചാലരാകുന്ന നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും.

 

സിപിഐഎംന്റെ സംഘടനാ കെട്ടുറപ്പിനെ ഏറെക്കാലമായി കാർന്നു തിന്നുന്ന വിഭാഗീയതയ്ക്ക് താത്ക്കാലികമായെങ്കിലും അവധി കൊടുത്തുകൊണ്ട് പാർട്ടിയിൽ ഒരളവോളമെങ്കിലും ഐക്യം സ്ഥാപിക്കാൻ, വ്യവസ്ഥാപിത ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർട്ടി പ്രവർത്തകരുടെ സിരകളെ ത്രസിപ്പിച്ച സമരാവേശത്തിന് കഴിഞ്ഞിരുന്നു. ഉപരോധസമരത്തെ നേരിടാൻ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ പടയൊരുക്കം ആ ആവേശത്തെ പതിൻമടങ്ങായി വർദ്ധിപ്പിച്ചിരുന്നു. സമരഭടന്മാരെ കണ്ടെത്തി ഒരാഴ്ച്ച തലസ്ഥാനത്ത് താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി നല്കുന്നതിനും അവരുടെ അഭാവത്തിൽ അവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമെല്ലാം നാട്ടിലെമ്പാടും ബ്രാഞ്ച്തലത്തിൽ പ്രവർത്തകർ ഒറ്റക്കെട്ടായി അദ്ധ്വാനിച്ചിരുന്നു. തീർച്ചയായും അടുത്തു വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ സമരൈക്യം ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമായിരുന്നു. ആ പ്രതീക്ഷകളെല്ലാമാണ് ഉപരോധസമരത്തിൽ നിന്നും തിടുക്കത്തിൽ നടത്തിയ പിന്മാറ്റം തകർത്തെറിഞ്ഞിരിക്കുന്നത്. ഈ പിന്മാറ്റം പാർട്ടിയിൽ പുതിയ സംഘടനാപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. സഖാക്കളിൽ ആഴത്തിലുള്ള ആശയക്കുഴപ്പങ്ങളാണ് ഈ പിന്മാറ്റം സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾകൊണ്ട് അവർ ശ്വാസംമുട്ടൽ അനുഭവിക്കുകയാണ്. ഐക്യം കെട്ടിപ്പടുക്കാൻ നടത്തിയ പരിശ്രമം വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്. ഈ നിരീക്ഷണത്തെ ശരിവെയ്ക്കുന്ന വാർത്തകളാണ് പാർട്ടിക്കുള്ളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാർട്ടിയിലെ സ്ഥിതി ഇതാണെങ്കിൽ ഇടതുജനാധിപത്യ മുന്നണിക്കുള്ളിലും ആശയക്കുഴപ്പമുണ്ടായതിന്റെയും പരസ്പരം പഴിചാരലുകൾ നടക്കുന്നതിന്റെയും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ ഉപരോധസമരം വിജയമായിരുന്നെന്ന് സിപിഐ.എംനും എൽഡിഎഫിനും എങ്ങനെ അവകാശപ്പെടാൻ കഴിയും?

 

 

ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ വളർത്തിയെടുത്ത് ഉച്ചസ്ഥായിയിൽ എത്തിച്ച് അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും മുകളിൽ നിന്ന് തീരുമാനങ്ങളെടുക്കുന്ന നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.

 

അപ്പോൾ പിന്നെ ആരാണ് ചരിത്ര സംഭവുമായ ഈ ഉപരോധ സമരത്തിന്റെ യഥാർത്ഥ ഗുണഭോക്താവ്. സംശയം എന്തിരിക്കുന്നു, ഉമ്മൻചാണ്ടി തന്നെ. സർവ്വ ഭാഗത്തു നിന്നും ഉരുണ്ടു കൂടിയ എതിർപ്പു മൂലം ഒറ്റപ്പെട്ട് ദുർബലനായി തീർന്ന ഉമ്മൻചാണ്ടിക്ക് പുനർ ജീവൻ നല്കി കരുത്തനാക്കാനാണ് ഉപരോധ സമരത്തിൽ നിന്നുള്ള അപക്വമായ പിന്മാറ്റം ഉപകരിച്ചിരിക്കുന്നത്. ഇനി ജുഡീഷ്യൽ അന്വേഷണം നടന്നാലെന്ത്, നടന്നില്ലെങ്കിലെന്ത് അന്തിമ സമരത്തെ അതിജീവിച്ച് കരുത്ത് നേടിയ ഉമ്മൻചാണ്ടിയെ താഴെ ഇറക്കാൻ ഇനി ഒരു തുടർസമരത്തിനും എളുപ്പം സാധിക്കില്ല. അത് സംഭവിക്കണമെങ്കിൽ ഇനി കോൺഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിക്കണം.

 

അതുകൊണ്ട് സമരം  വൻവിജയമാണെന്നും സമരം തുടരുമെന്നുമൊക്കെ പാർട്ടിക്കും എൽ.ഡി.എഫിനും അവകാശപ്പെടാം. അങ്ങനെ പറയുക തന്നെ വേണം. എന്തെന്നാൽ അണികളുടെ മനോവീര്യം പിടിച്ചു നിർത്താൻ അതാവശ്യമാണ്. എന്നാൽ, അന്തിമ സമരമെന്ന് പ്രഖ്യാപിച്ച ഉപരോധം  കൈവെള്ളയിൽ വെച്ചു തന്ന സുവർണ്ണാവസരം കളഞ്ഞു കുളിച്ചിട്ട് ഇനിയും വഴി തടയുമെന്നും കരിങ്കൊടി കാട്ടുമെന്നുമൊക്കെ പറയുന്നത് കമ്പക്കെട്ടിൽ വെള്ളിടി പൊട്ടിച്ചിട്ട് ഓലപ്പടക്കത്തിന് തീ കൊളുത്തുന്നതുപോലെയാകും. കാണാനാളുണ്ടാകില്ല. അതിനാൽ സോളാർ സമരം വിട്ടിട്ട് ഉമ്മൻചാണ്ടിയുടെ ജനാധിപത്യ വധത്തെയും ദുഷ്‌ചെയ്തികളെയും ജനമദ്ധ്യത്തിൽ തുറന്നുകാട്ടാൻ തീവ്രമായ രാഷ്ട്രീയ ക്യാമ്പയിനുകൾ നടത്താനും മാനംമുട്ടും വേഗത്തിൽ കുതിച്ചുയരുന്ന നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം പോലെയുള്ള ജീവിതഗന്ധിയായ വിഷയങ്ങളുയർത്തി ജനകീയ പ്രക്ഷോണങ്ങൾ വലളർത്തിയെടുക്കാനുമാണ് യാഥാർത്ഥ്യ ബോധവും താഴെ തട്ടിലുള്ള ജനങ്ങളുടെ വികാരവും ഉൾക്കൊള്ളാനുള്ള വിവേകവുമുണ്ടെങ്കിൽ സി.പി.ഐ.എമ്മും എൽ.ഡി.എഫും ചെയ്യേണ്ടത്.

Tags: