![]() |
സൗരോര്‍ജ പാനല്‍ സ്ഥാപന കബളിപ്പിക്കല്‍ കേസില്‍ മുഖ്യപ്രതികള്‍ 4 പേര്‍. ബിജു രാധാകൃഷ്ണന്‍, സരിത എസ്. നായര്‍ അഥവാ ലക്ഷ്മി നായര്‍. പിന്നെ ടെന്നി ജോപ്പനും ശാലുമേനോനും. സംഗതി തട്ടിപ്പ് ആണെങ്കിലും ഇത്ര സമ്പൂര്‍ണ്ണ ലിംഗസമത്വം അടുത്ത കാലത്തൊന്നും കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ ദര്‍ശിക്കാനായിട്ടില്ല. അറസ്റ്റ് ചെയ്ത് പ്രതികളാക്കപ്പെട്ടവര്‍ പരല്‍ മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ പുറത്താണെന്നുമുല്ല വാര്‍ത്തകളെപ്പറ്റിയുല്ല ഗുണദോഷ വിശകലനം ഈ കുറുപ്പിന്റെ ലക്ഷ്യമല്ല. സരിതയുടെ രഹസ്യമൊഴി പുറത്തുവരുമ്പോള്‍ ഉമ്മന്‍ ചാണ്ടി ഭരണം അവസാനിക്കുമെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പല ഖദര്‍ വേഷധാരികളുടെയും തുണി അഴിഞ്ഞുവീഴുമെന്നുള്ള വാര്‍ത്താ ഭൂകമ്പത്തെയും കോടികളുടെ പുതുപുത്തന്‍ കറന്‍സികള്‍ കൈമറിഞ്ഞതിന്റെ ഫലമായി മൊഴിബോംബ് വെറും ഓലപ്പടക്കമായി ചീറ്റിപ്പോയതിന്റെ പിന്നാമ്പുറ കഥകളും ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നില്ല. സരിത ഇപ്പോള്‍ എഴുതിക്കൊടുത്ത മൊഴിയില്‍ പോലീസിനോട് മുമ്പ് പറയാത്തതോ പറയാന്‍ പറ്റാത്തതായോ എന്താണുള്ളതെന്ന് അറിയാനുള്ള കൗതുകം മാത്രമേ പൊതുജനത്തെപ്പോലെ ഈയുള്ളവനുമുള്ളൂ.
സോളാര്‍ കേസ് എന്നറിയപ്പെടുന്ന സൗരോര്‍ജ കബളിപ്പിക്കല്‍ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് ''വീരാംഗനകള്‍'' തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും പരിശോധിക്കുന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വം മനസ്സിലാക്കുന്നതിനും ഫ്യൂഡല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെ ആവരണം ചെയ്യുന്നുവെന്ന്‍ തിരിച്ചറിയുന്നതിനും സഹായിക്കും. അവര്‍ തമ്മിലുള്ള സാദൃശ്യം ഇവയൊക്കെയാണ്. രണ്ടുപേരും തട്ടിപ്പില്‍ പങ്കാളികളായിരുന്നു, രണ്ടുപേരും രണ്ട് പേരുകളിലുള്ള കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്നു. രണ്ടുപേരും തങ്ങളുടെ മനസ്സും ശരീരവും തട്ടിപ്പിന് ഉപയോഗിച്ചു. ഇരുവര്‍ക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ഉറ്റ സൗഹൃദങ്ങള്‍ ഉണ്ട്. ഇവിടെ അവസാനിക്കുന്നു സമാനതകള്‍.
വ്യത്യസ്തതകളോ? സരിത എസ്. നായര്‍ ഒരു സാധാരണ കുടുംബത്തിലെ അംഗം. കുടുംബ മഹിമയോ കുലീനത്വമോ പ്രശസ്തമായ കുടുംബ പാരമ്പര്യമോ പ്രമുഖരായ ബന്ധുക്കളോ ഇല്ല. സാധാരണ ഏതൊരു യുവതിയെയും പോലെ വിവാഹിതയായി കുടുംബ ജീവിതം ആരംഭിച്ചു. ആഡംബര ജീവിതത്തോടുല്ല അഭിനിവേശത്താല്‍ ചെറിയ ചെറിയ തട്ടിപ്പുകള്‍ തുടങ്ങി. പല സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു. ഒടുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. കുറ്റവാസനയുടെയും വഞ്ചനയുടെയും ഉസ്താദായ ബിജു രാധാകൃഷ്ണന്റെ ആകര്‍ഷണവലയത്തില്‍ പെട്ടു. ബിജുവിന്റെ കള്ളക്കമ്പനികളില്‍, ഒപ്പം ജീവിതത്തിലും, പങ്കാളിയായി. തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ജയിലില്‍ വച്ച് ബിജുവിന്റെ കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെ രണ്ട് കുട്ടികളുടെ അമ്മയായി. ജാമ്യത്തില്‍ പുറത്തുവന്ന്‍ പരിചയമുള്ള പണി ആവര്‍ത്തിച്ചു. പണസമ്പാദനത്തിനും വമ്പന്മാരെ പാട്ടിലാക്കാനും ബിജു സരിതയെ സമര്‍ത്ഥമായി ഉപയോഗിച്ചു. ആഡംബര ജീവിതത്തില്‍ ഭ്രമമുള്ള സരിത ബിജുവിന്റെ ആജ്ഞാനുവര്‍ത്തിയായി. ബിജുവാകട്ടെ, ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ രഹസ്യസംഭാഷണമൊഴികെ, ഒരു ഉന്നതനുമായും നേരിട്ട് ബന്ധപ്പെട്ടില്ല. ഉന്നത ബന്ധത്തിന് സരിതയെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു. ഒടുവില്‍ സരിത പോലീസ് പിടിയിലായി. മുപ്പതിലധികം കേസുകളില്‍ പ്രതിയായി. കോടതിയില്‍ നിന്നും കോടതികളിലേക്കും ജയിലുകളില്‍ നിന്നും ജയിലുകളിലേക്കും നിത്യവും യാത്ര. സരിതയുടെ ചലനങ്ങള്‍ ദൃശ്യവല്‍ക്കരിക്കാത്ത വാര്‍ത്തകള്‍ ചാനലുകളായ ചാനലുകളില്‍ നിറയാത്ത ഒറ്റ ദിവസം പോലും കഴിഞ്ഞ രണ്ട് മാസമായി ഇല്ലാതായി. കോടികളുടെ ഈ തട്ടിപ്പില്‍ സരിത എന്തെങ്കിലും സമ്പാദിച്ചതായി ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല. വീടില്ല, സ്വന്തം കാറില്ല, രത്‌നങ്ങളോ, വൈഠൂര്യമോ തങ്കമോ വാങ്ങി കൂട്ടിയില്ല. മിച്ചം എണ്ണമറ്റ കേസുകളും ജയില്‍വാസവും അഭിസാരികയെന്ന പേരുദോഷവും.
ശാലുമേനോനോ? ഉന്നതകുലജാത, പ്രശസ്തിയും മഹിമയുമുല്ല കുടുംബപശ്ചാത്തലവും പാരമ്പര്യവും. അറിയപ്പെടുന്ന നര്‍ത്തകി, അഭിനേത്രി. നൃത്ത ട്രൂപ്പിന്റെയും നൃത്തവിദ്യാലയ ശൃംഘലകളുടെയും അധിപ. പ്രശസ്തനായ മുത്തച്ഛന്റെ പേരക്കുട്ടി. സമൂഹത്തില്‍ പേരും പ്രശസ്തിയുമുള്ള യുവസുന്ദരി. ബിജുവിനൊപ്പം സൗരോര്‍ജ കമ്പനികളില്‍ പലതില്‍ ഒന്നിന്റെ ഡയറക്ടര്‍. എന്നാല്‍ കേസുകള്‍ വെറും രണ്ടെണ്ണം മാത്രം. ഒന്ന്, ബിജുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്, രണ്ടാമത്തേത് തിരുവനന്തപുരത്തെ റാസിഖ് അലിയെ കബളിപ്പിച്ചു പണം തട്ടിയതിന്. ഇതില്‍ ഒന്നില്‍ ജാമ്യം കിട്ടി. രണ്ടാമത്തെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചതായി വാര്‍ത്ത. സരിതയെപ്പോലെ നിത്യവും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. അപൂര്‍വമായി ദൃശ്യപ്പെടുമ്പോഴോ, കൂസലില്ലായ്മ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുല്ല അംഗചേഷ്ടകള്‍, നടന വൈഭവം മുഴുവന്‍ വെളിപ്പെടുന്ന ചലന സൗകുമാര്യം. വാടാ മന്നാ പോരിന് വാ എന്ന മുഖഭാവവും ശരീരഭാഷയും. മറുഭാഗത്ത് ചമ്മി വിളറി വെളുത്ത സരിത.
അവസാനിക്കുന്നില്ല, ശാലു എന്ന നടനവൈഭവം നേടിയതോ? കൊട്ടാരസദൃശമായ മണിസൗധം, നാടൊട്ടുക്ക് നടനവിദ്യാലയങ്ങളുടെ ശൃംഘല, രണ്ട് കാറുകള്‍, അതിലൊന്ന്‍ അത്യന്താധുനിക ആഡംബര കാര്‍, രത്‌നങ്ങള്‍, സ്വര്‍ണ്ണശേഖരം, ബിജുവുമൊത്തുള്ള ഉല്ലാസയാത്രകള്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലൂടെ നേടിയ ദേശീയ സെന്‍സര്‍ ബോര്‍ഡ് അംഗത്വം, ദല്‍ഹിയാത്രകള്‍ക്കും സൗഹൃദ സമാഗമങ്ങള്‍ക്കുമുള്ള അവസരം. അവിടെയും അവസാനിക്കുന്നില്ല, ബിജു രാധാകൃഷ്ണന്‍ വിവാഹിതനും ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയും സരിതയുടെ രണ്ടാം ഭര്‍ത്താവും രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനുമാണെന്നും അറിഞ്ഞിട്ടും ബിജുവിനെ പ്രണയിച്ചു. ബിജു നേരിട്ടും സരിതയെ ഉപയോഗിച്ചും കബളിപ്പിച്ചെടുത്ത പണത്തില്‍ നല്ലൊരു പങ്ക് സ്വന്തമാക്കി, ആഡംബര രമ്യഹര്‍മ്യമായും കാറുകളായും സ്വര്‍ണ്ണാഭറണങ്ങളായും പണമായും സബ്ബാദിച്ചു കൂട്ടി. ഒടുവില്‍ ബിജുവിനെ സരിതയില്‍ നിന്നും അകറ്റി സ്വന്തമാക്കാന്‍ പരിശ്രമിച്ചു. ബിജു പോലീസിന് കീഴടങ്ങിയതുപോലും ശാലുവിനെ രക്ഷിക്കാനാണ്. അല്ലാതെ തന്റെ കൂടെക്കഴിഞ്ഞ, തന്റെ കുഞ്ഞിന്റെ അമ്മയായ സരിതയെ രക്ഷിക്കാനല്ല. സോളാര്‍ കേസിലെ ഈ സ്ത്രീ കഥാപാത്രങ്ങളില്‍ ആരാണ് കൂടുതല്‍ വില്ലത്തി? ആര്‍ക്കാണ് വഞ്ചകിയെന്ന പേരിന് കൂടുതല്‍ അര്‍ഹത? ആരാണ് നേട്ടങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയത്?
ഇത് സരിതയുടെ ക്രിമിനല്‍ സ്വഭാവത്തിന്റെ കാഠിന്യത്തെ ലഘൂകരിക്കാനോ അവരെ ന്യായീകരിക്കാനോ ഉല്ല ശ്രമമല്ല. അവരും കൂട്ടാളികളും ശിക്ഷിക്കപ്പെടുകതന്നെ വേണം. അതുണ്ടാകുമോ എന്ന്‍ കണ്ടറിയണം. ഒരേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഈ രണ്ട് യുവതികള്‍ എങ്ങനെ വ്യത്യസ്തരാകുന്നു, ആരാണ് കൂടുതല്‍ കുറ്റവാസനയുടെ പ്രതിരൂപം എന്ന്‍ വരച്ചുകാട്ടാനും എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങളും അധികാരികളും ഒരാളിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുന്നതെന്ന ചോദ്യം ഉന്നയിക്കാനുമാണ് ഇവിടെ ശ്രമിച്ചത്.