നിയമസഭ എന്തിനാണ് സമ്മേളിക്കുന്നത്?

ഡോ. എന്‍. ജയദേവന്‍
Tuesday, July 2, 2013 - 3:16pm
ചെമ്മാനം
രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

പാർലമെന്ററി ജനാധിപത്യ ഭരണവ്യവസ്ഥയെ ജനായത്ത ഭരണമെന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ഉത്തരവാദിത്വ ഭരണരീതിയെന്നും പറയാറുണ്ട്. ജനങ്ങൾ നേരിട്ട് തന്നെ ഭരണകാര്യങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്നല്ല ജനായത്ത ഭരണം കൊണ്ട് വിവക്ഷിക്കുന്നത്. ജനങ്ങൾ നേരിട്ട് ഭരണപ്രക്രിയയിൽ പങ്കെടുക്കുകയെന്നത് വലിയ രാജ്യങ്ങളിൽ അപ്രയോഗികമാണ്. അതുകൊണ്ടാണ് ഭരണ നിർവ്വഹണത്തിന്റെ വിവിധ ചുമതലകൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ജനപ്രതിനിധികളെ ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുന്ന പരോക്ഷ ജനാധിപത്യ സമ്പ്രദായം മിക്ക ജനാധിപത്യ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ജനായത്ത ഭരണക്രമത്തിൽ ഭരണാധികാരികൾ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. മന്ത്രിസഭ നിയമസഭയോടും, നിയമസഭാ സാമാജികർ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടും ഭരണസംബന്ധമായ സകല കാര്യങ്ങൾക്കും ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി തനിക്ക് വോട്ട് ചെയ്തവരുടെയോ തന്നെ സ്ഥാനാർത്ഥിയാക്കിയ പാർട്ടിയുടെയോ മാത്രം പ്രതിനിധിയല്ല, താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയാണ്. ജനാധിപത്യ ഭരണം ഉത്തരവാദിത്വ ഭരണമാകുന്നത് മന്ത്രിമാരും ജനപ്രതിനിധികളും ഒരേ സമയം ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുകയും തങ്ങളിൽ അർപ്പിതമായിരിക്കുന്ന ഭരണഘടനാപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ ഭംഗം കൂടാതെ നിർവ്വഹിക്കുകയും ചെയ്യുമ്പോഴാണ്. സ്വേച്ഛാപരമായ രാജഭരണ സമ്പ്രദായത്തിന് നേർ വിപരീതമായ ഭരണരീതിയായതുകൊണ്ടാണ് പണ്ട് നമ്മുടെ പൂർവ്വികർ രാജവാഴ്ചയ്‌ക്കെതിരെ ഉത്തരവാദ ഭരണമെന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭണപരമ്പരകൾ സൃഷ്ടിച്ചത്.

പാർലമെന്ററി ഭരണ സമ്പ്രദായത്തിലെ മൂന്ന്‍ നെടുംതൂണുകളാണ് നിയമസഭയും എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും. ഇവയ്ക്ക് ഓരോന്നിനും നിയതമായ ധർമ്മങ്ങളും ഉത്തരവാദിത്വങ്ങളും ഭരണഘടന സുവ്യക്തമായി തന്നെ നിർവ്വചിച്ചിട്ടുണ്ട്. നിയമസഭ നിർവ്വഹിക്കേണ്ട പ്രാഥമിക ധർമ്മങ്ങൾ രണ്ടാണ്. ഒന്നാമതായി നിയമനിർമ്മാണം. രണ്ടാമതായി സർക്കാരിന്റെ ധനവിനിയോഗത്തിൻമേലുള്ള നിയന്ത്രണം. പാർലമെന്ററി ഭരണരീതി അംഗീകരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഈ അടിസ്ഥാന ധർമ്മങ്ങൾ വിസ്മരിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമായിത്തീരും. പാർലമെന്ററി ഭരണരീതിയിലൂടെ അടിസ്ഥാനപരമായ സാമൂഹിക മാറ്റവും സാധാരണക്കാരന്റെ വിമോചനവും സാദ്ധ്യമല്ലെന്ന്‍ വിശ്വസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ബൂർഷ്വാ താല്പര്യങ്ങളുടെ ഇരിപ്പിടമാണ് പാർലമെന്റ് എന്നാണ് കമ്മ്യൂണിസ്റ്റുകാർ പൊതുവെ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് വി.ഐ.ലെനിൻ പാർലമെന്റിനെ 'ബൂർഷ്വാസിയുടെ പന്നിക്കൂട്' എന്ന്‍ വിശേഷിപ്പിച്ചത്. പാർലമെന്റിനോടുള്ള സമീപനത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ രണ്ടു ചേരിയിലാണ്. ബൂർഷ്വാ പാർലമെന്റിൽ അശേഷം പ്രതീക്ഷയർപ്പിക്കാതെ പാർലമെന്ററി ഇതര ജനകീയ വിപ്ലവ സമരങ്ങളിലൂടെ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ. മാവോയിസ്റ്റുകൾ തുടങ്ങിയ വിവിധ നക്‌സൽ ഗ്രൂപ്പുകൾ ഈ ചേരിയിൽ പെടുന്നവരാണ്. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റു പാർട്ടികൾ ഉൾപ്പെടെയുള്ള ഇടതുപക്ഷ ചേരിയാകട്ടെ പാർലമെന്റിനു പുറത്തു നടക്കുന്ന ജനകീയ സമരങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായിട്ടും ഭരണത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ബദൽ നയങ്ങൾ നടപ്പാക്കി ജനപിന്തുണ വർദ്ധിപ്പിക്കാനുള്ള ഉപകരണമായിട്ടുമാണ് പാർലമെന്ററി ഭരണസംവിധാനത്തെ കാണുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പാർലമെന്റിനെയും നിയമസഭയെയും തങ്ങളുടെ ബദൽനയങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള വേദിയായാണ് സിപിഐ.എമ്മും സിപിഐയും ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ വിവക്ഷിക്കുന്നത്.

 

നിയമസഭയെ രാഷ്ട്രീയ സമരവേദിയായി ഉപയോഗിക്കുകയെന്ന നയത്തെ തത്വത്തിൽ അംഗീകരിക്കുമ്പോൾ തന്നെ സമരത്തിന്റെ രീതിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്. കാര്യനിർവ്വഹണം  നടത്താൻ സാധിക്കാത്തവിധം സഭ സ്തംഭിപ്പിക്കുതാണോ? പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിലിറങ്ങി പരസ്പരം ഗ്വാഗ്വാ വിളിക്കുന്നതും കയ്യാങ്കളി നടത്തുന്നതുമാണോ? എല്ലാ ദിവസവും വാക്കൗട്ട് നടത്തി ഈ വജ്രായുധത്തെ പ്രഹസനമാക്കുന്നതാണോ? ഭരണപക്ഷത്തിന് അസുഖകരമായ പ്രശ്‌നങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമ്പോൾ സഭ അനിശ്ചിതമായി നിർത്തി വയ്ക്കുന്ന, നിഷ്പക്ഷനാകേണ്ട സ്പീക്കർ ഭരണപക്ഷവക്താവായി മാറുന്ന അവസ്ഥയാണോ? ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങൾ ചോദിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് കേരളനിയമസഭയുടെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലെ അനുഭവം.

 

ബൂർഷ്വാ താല്പര്യങ്ങളുടെ ഇരിപ്പിടമാണ് പാർലമെന്റ് എന്നാണ് കമ്മ്യൂണിസ്റ്റുകാർ പൊതുവെ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് വി.ഐ.ലെനിൻ പാർലമെന്റിനെ 'ബൂർഷ്വാസിയുടെ പട്ടിക്കൂട്' എന്ന്‍ വിശേഷിപ്പിച്ചത്.

 

കഴിഞ്ഞ സമ്മേളനത്തിലെ ഏറിയ സമയവും അപഹരിച്ചത് മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്‌കുമാറിന്റെ കുടുംബപ്രശ്‌നവും പരസ്ത്രീഗമന ആരോപണവും ഭാര്യയുടെ പരാതിയും പത്രസമ്മേളനവും ഒടുവിലായി മന്ത്രിയുടെ രാജിയുമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ അങ്ങനെ അനാശാസ്യത്തിന്റെയും അവിഹിത ബന്ധത്തിന്റെയും ദുർഗ്ഗന്ധം മണത്ത് ബിസിനസ്സുകൾ പൂർത്തിയാക്കാതെ പിരിഞ്ഞു. ഇത്തവണ സഭ മുടക്കിയത് ബിജു രാധാകൃഷ്ണന്റേയും സരിതയുടെയും കുടുംബപ്രശ്‌നവും അവരുടെ തട്ടിപ്പ് കമ്പനിയായ ടീം സോളാറും,  സരിതയുമായി ഒരു മുൻമന്ത്രിയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഒരു പിടി വിശ്വസ്തർക്കും സന്തത സഹചാരികൾക്കുമുള്ള അവിശുദ്ധ ബന്ധവും തട്ടിപ്പിലുള്ള പങ്കാളിത്തവുമാണ്. മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെയും 'ലൈഗിക കേളീഗാഥകൾ' ജനപ്രതിനിധി സഭയെ സ്തംഭിപ്പിക്കുന്ന വൃത്തികെട്ട കാഴ്ച നിസ്സംഗരായി കണ്ടു നിൽക്കേണ്ട ഗതികേടിലാണ് കേരളീയർ.

 

ഈ സമ്മേളനം ചേർന്നത് ബഡ്ജറ്റ് പൂർണ്ണമായി പാസ്സാക്കാനാണ്. മാർച്ചിൽ പൊതുബഡ്ജറ്റ് പാസ്സാക്കിയെങ്കിലും ഓരോ വകുപ്പിന്റെയും ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കേണ്ടത് ഭരണഘടനാ ഉത്തരവാദിത്വമാണ്. നിയമസഭയുടെ അനുമതിയില്ലാതെ ഒരു നയാപൈസ പോലും സർക്കാരിന് ചെലവഴിക്കാനോ നികുതി പിരിക്കാനോ സാധിക്കില്ല. ജനാധിപത്യ ഭരണവ്യവസ്ഥയിൽ സർക്കാരിന്റെ ധനവിനിയോഗത്തിന്റെ പൂർണ്ണനിയന്ത്രണം പാർലമെന്റിന്റെ അല്ലെങ്കിൽ നിയമസഭയുടെ കൈകളിലാണ്. രാജ്യത്തിന്റെ പണസഞ്ചി നിയന്ത്രിക്കുന്നത് പാർലമെന്റ്/നിയമസഭയാണ്. ഇതാണ് ജനാധിപത്യത്തിൽ പാർലമെന്റിന്റെ, നിയമസഭയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തങ്ങളുടെ സാമ്പത്തിക വികസന കാഴ്ചപ്പാടുകളും സാമൂഹികനയങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് പൊതുബഡ്ജ്റ്റ്, ധനാഭ്യർത്ഥന, ഉപധനാഭ്യർത്ഥന, ധനവിനിയോഗബിൽ തുടങ്ങിയ ധനവിഷയങ്ങളിൻ മേൽ സഭയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകൾ. സഭക്കുള്ളിൽ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ മറ്റ് പല സന്ദർഭങ്ങളും നിയമസഭാനടപടി ക്രമങ്ങൾ തുറന്നിട്ടുണ്ടെങ്കിലും ധനകാര്യവിഷയങ്ങളാണ് ജനജീവിതത്തെ പ്രത്യക്ഷമായി ബാധിക്കുന്നതും അടിയന്തര സ്വഭാവമുള്ളതുമായ ചർച്ചകൾക്ക് വഴിതെളിക്കുന്നത്. ഈ ചർച്ചകളുടെ ഘട്ടത്തിലാണ് സർക്കാർ നിർദ്ദേശങ്ങൾക്ക് ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനും മുൻഗണനാക്രമങ്ങളിലും നികുതി നിർദ്ദേശങ്ങളിലും ഭേദഗതി വരുത്താനുമൊക്കെ സാമാജികർക്ക്, പ്രത്യേകിച്ച് പ്രതിപക്ഷ സാമാജികർക്ക് സാധിക്കുന്നത്. മാത്രമല്ല, പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് തങ്ങളുടെ ജനപക്ഷ നിലപാടുകളിൽ ഊന്നി നിന്നുകൊണ്ട് ഭരണപക്ഷത്തിന്റെ വലതുപക്ഷനയങ്ങളെ തുറന്നുകാട്ടുന്ന ഫലപ്രദമായ ഒരു രാഷ്ട്രീയ സമരമായി ഈ ചർച്ചകളെ മാറ്റാനും സാധിക്കും. ആരോഗ്യകരമായ സംവാദം  ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ സമരമാണ്. നിയമസാധുതയുള്ള സംവാദ വേദിയാണ് നിയമസഭ. ആ വേദിയെ ഉൾക്കാഴ്ച്ചയോടെ ഉപയോഗപ്പെടുത്തുതിനു പകരം ചർച്ച കൂടാതെ ബില്ലുകളും ധനകാര്യ നിർദ്ദേശങ്ങളും കൂട്ടക്കശാപ്പിലൂടെ (ഗില്ലറ്റിൻ) പാസ്സാക്കപ്പെടുതിന് ഇടവരുത്തുന്ന സാമാജികർ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ജനങ്ങൾ തങ്ങളെ ഏല്പിച്ച ഉത്തരവാദിത്വത്തെയാണ് പിച്ചിച്ചീന്തുന്നത്.

 

ആകെ 49,000 കോടി രൂപയുടെ ധനാഭ്യർത്ഥനകളായിരുന്നു നിയമസഭ ദിവസങ്ങളെടുത്ത് ചർച്ച ചെയ്ത് പാസ്സാക്കേണ്ടിയിരുന്നത്. അതിൽ മൂന്ന്‍ ധനാഭ്യർത്ഥനകൾ മാത്രമാണ് നടപടി ക്രമമനുസരിച്ച് പാസ്സാക്കിയത്. ബാക്കി 42 എണ്ണം യാതൊരു ചർച്ചയുമില്ലാതെ ഗില്ലറ്റിൻ ചെയ്യുകയായിരുന്നു. ജൂണ്‍ 24-ന് മാത്രം ഗില്ലറ്റിൻ ചെയ്തത് 24000 കോടി രൂപയുടെ 23 ധനാഭ്യർത്ഥനകളാണ്. ഗില്ലറ്റിൻ എന്നത് ഫ്രാൻസിൽ ഉത്ഭവിച്ച വധശിക്ഷാ രീതിയാണ്. ഒരു പ്രത്യേകതരം യന്ത്രത്തിൽ ഘടിപ്പിച്ച ബ്ലെയ്ഡ് ഉപയോഗിച്ച് തലവെട്ടി മാറ്റി കൊല്ലുന്ന പ്രാകൃത രീതിയാണിത്. ഫ്രഞ്ച് വിപ്ലവത്തെത്തുടർന്ന്‍ വന്ന ഭീകരവാഴ്ചയുടെ ദിനങ്ങളിലാണ് ഗില്ലറ്റിൻ വിവേചന രഹിതമായി, അത്യന്തം ക്രൂരമായി, വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. എന്നാൽ, ഫ്രാൻസ് 1982-ൽ വധശിക്ഷ തന്നെ നിർത്തലാക്കി. അതോടെ ഗില്ലറ്റിനെ ഫ്രാൻസിൽ നിന്നും നാടുകടത്തി. എന്നാൽ, ഇന്ത്യയിൽ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ബില്ലുകളും ധനവിനിയോഗ നിർദ്ദേശങ്ങളും ചർച്ചയില്ലാതെ ഏകപക്ഷീയമായി പാസ്സായതായി പ്രഖ്യാപിക്കുന്ന ജനാധിപത്യവിരുദ്ധതയ്ക്ക് ഗില്ലറ്റിൻ എന്ന കശാപ്പ് സമ്പ്രദായം പിന്തുടരുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ മുഖ്യ ഉത്തരവാദിത്വം  വിസ്മരിച്ചുകൊണ്ട് സഭയെ തെരുവു ചന്തയാക്കി മാറ്റുന്നതിന്റെ പരിണിതഫലമാണ് ഈ ജനാധിപത്യ വിരുദ്ധ നടപടി.

 

തങ്ങളെ തെരഞ്ഞെടുത്ത് അയച്ച ജനങ്ങളോട് കടുത്ത അനീതിയും തികഞ്ഞ അനാദരവും കാട്ടുന്ന സാമാജികരെയും നിയമസഭയെയും ജനങ്ങളുടെ ചെലവിൽ ഇന്നത്തെ നിലയിൽ നിലനിർത്തേണ്ടതുണ്ടോയെന്ന പുന:ചിന്തനത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

Tags: