ഇത്‌ മഴക്കുരുതിയല്ല, മനുഷ്യക്കുരുതിയാണ്

Glint Staff
Fri, 15-06-2018 06:06:14 PM ;

mazhakkuruthi-mathrubhumi

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം- 2500-ഓളം വീടുകള്‍ക്ക് നാശനഷ്ടം- കനത്ത മഴ രണ്ടു ദിവസം കൂടി'. ഇതിത്രയും കാണുമ്പോള്‍ സാധാരണ ഒരു വായനക്കാരന്റെ ഉള്ളില്‍ മഴ ഒരു വന്‍ വില്ലനായി രൂപം കൊളളുന്നു. പൈങ്കിളിത്തത്തിന്റെ പരിമിതത്വത്തില്‍ നിന്നാണ് ഇങ്ങനെയൊരു തലവാചകം പിറന്നു വീണത്. പ്രത്യക്ഷത്തില്‍ നിപ്പാ വൈറസിന് പിന്നാലെ മലയാളിയുടെ ജീവന്‍ അപഹരിക്കാനെത്തിയ അടുത്ത ദുരന്തം എന്നാണ് തോന്നുക. ഈ പൈങ്കിളിത്തരമാണ് മലയാളിയുടെ കാഴ്ചപ്പാടിനെ വികലമാക്കുന്നത്. ആ വൈകല്യമാണ് സകലവിധ്വംസകത്വവും ഭരണകൂടത്തിനും ഭരണത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നടത്തിക്കൂട്ടാനും അതൊക്കെ അവകാശമാക്കി നേടിയെടുക്കാനും അവസരം നല്‍കുന്നത്.
     

 

കേരളം എന്നാല്‍ പച്ചപ്പാണ്. ഇപ്പോള്‍ വരദാനമായി ലഭിക്കുന്ന മഴയാണ് കേരളത്തില്‍ മണ്ണിലെ ധാതുലവണങ്ങളെയും ഉണര്‍ത്തിക്കൊണ്ട് പച്ചപ്പായി രൂപാന്തരപ്പെടുന്നത്. അതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതും. ആ വരദാനത്തെയാണ് ദുരന്തമായി ചിത്രീകരിച്ച് മഴയെ മനുഷ്യജീവന്‍ അപഹരിക്കുന്ന രക്തദാഹിയായി ചിത്രീകരിച്ചിരിക്കുന്നത്. വരദാനത്തെ ദുരന്തമായി കാണാന്‍ അബോധപൂര്‍വ്വമായി മാധ്യമങ്ങള്‍ മനുഷ്യനെ ശീലിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. കോഴിക്കോട്ട് കട്ടിപ്പാറയില്‍ ഉണ്ടായത് ഉരുള്‍ പൊട്ടലല്ല. അതു പോലും മനസ്സിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയാതെ വരുന്നു. മേഘപാളി അടര്‍ന്നു വീണു ഭൂമി പിളരുന്നതിനെയാണ് ഉരുള്‍പൊട്ടല്‍ (ആഹൗല യൗൃേെ) എന്ന് പറയുന്നത്. മണ്ണിടിച്ചിലാണ് കോഴിക്കോട്ടുണ്ടായത്. കാട് കൈയേറ്റത്തെത്തുടര്‍ന്ന് പെയ്തിറങ്ങുന്ന വെള്ളത്തെ താങ്ങാനാകാതെ ഭൂമിയുടെ ഹൃദയം പൊട്ടുന്നതു പോലെ മല പൊട്ടുന്നത്.മനുഷ്യന്‍ ആര്‍ത്തി പൂണ്ട് കാട് കൈയേറിയതിന്റെ ഫലമാണ് കേരളത്തിലെല്ലാ വര്‍ഷവും ഉണ്ടാകുന്ന മലയിടിച്ചിലും മരണവും.
      

 

2018 ജൂണ്‍ 14 ലെ മാതൃഭൂമി പത്രത്തില്‍ തന്നെ വന്ന ഒരു വാര്‍ത്തയുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ജനവാസ കേന്ദ്രമായ കുടിയേറ്റമേഖലകളെ മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശത്തു നിന്ന് ഒഴിവാക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്. പശ്ചിമഘട്ടത്തിന്റെ ഗുരുതരാവസ്ഥ കണ്ട് അതിനെ രക്ഷിക്കാന്‍ തയ്യാറാക്കപ്പെട്ടതാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് . എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതിനെ ഏതാണ്ട് ഇല്ലായ്മ ചെയ്തുകൊണ്ടുണ്ടാക്കപ്പെട്ടതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ആ റിപ്പോര്‍ട്ടു പോലും നടപ്പിലാക്കരുതെന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ഈ വോട്ട് ബാങ്ക് രാഷ്ട്രീയവും വ്യക്തി താല്‍പ്പര്യങ്ങളുമാണ് കഴിഞ്ഞ ദിവസമുണ്ടായതുപോലുള്ള മലയിടിച്ചിലുകള്‍ക്ക് കാരണമാകുന്നത്. ആനയും പുലിയും നാട്ടിലേക്കിറങ്ങി ജനവാസ കേന്ദ്രങ്ങളില്‍ നാശം വിതയ്ക്കുന്നതിനും കാരണവും അതുതന്നെ. അത്തരം താല്‍പ്പര്യങ്ങളെ സാധാരണ ജനങ്ങളിലേക്കെത്തിച്ച് അവരെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വമാണ് മാധ്യമങ്ങള്‍ക്കുള്ളത്. ആ സ്ഥാനത്ത് ജനങ്ങളെ അബോധത്തിന്റെ തലത്തിലേക്കു കൊണ്ടുപോയി കൂടുതല്‍ ചൂഷണത്തിന് നിര്‍ദ്ദോഷമായി എറിഞ്ഞുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തന ശൈലിയെയാണ് ഈ മഴക്കുരുതിയെന്ന തലക്കെട്ട് പ്രകടമാക്കുന്നത്.  മലയാളിയുടെ ജീവാമൃതമായ മഴയല്ല ഈ കുരുതി നടത്തുന്നത്. ഇത് നഗ്നമായ മനുഷ്യക്കുരുതിയാണ്.

 

Tags: