ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. തുടര്‍ന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇലേക്കും അവിടെ നിന്ന് ഒമാനിലേക്കും പ്രധാനമന്ത്രി പോകും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.
നേരത്തെ മോഡി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പലസ്തീനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
എന്നും പലസ്തീന്‍ ജനതയ്ക്ക് അനുകൂലമായ നിലപാടാണ് ഇന്ത്യ എടുത്തിട്ടുള്ളതെന്നും നരേന്ദ്ര മോഡി തങ്ങളുടെ ശ്രേഷ്ഠ അതിഥിയാണെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു. 2015 ല്‍ അന്ന് രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജി പലസ്തീന്‍ സന്ദര്‍ശിച്ചിരുന്നു.
ഇസ്രയേലിനോടുള്ള സഹകരണം വര്‍ധിപ്പിക്കുന്നു എങ്കിലും ഇന്ത്യക്ക് പലസ്തീനോടുള്ള നിലപാടില്‍ മാറ്റമില്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് മോഡിയുടെ ഈ സന്ദര്‍ശനം എന്ന് വിലയിരുത്തപ്പെടുന്നു.