സൗരജ്വാലകള്‍

ഡോ. കെ. ഇന്ദുലേഖ
Tue, 21-05-2013 10:28:00 PM ;

sunspotsസൂര്യനെ ഒരിക്കലും നാം നേരിട്ടുനോക്കരുത്. സൂര്യഗ്രഹണം ദര്‍ശിക്കുവാനുപയോഗിക്കുന്ന ഉപാധികള്‍ ഉപയോഗിച്ച് സൂര്യബിംബത്തിന്റെ ഛായ കാണുകയാണെങ്കില്‍ അവിടവിടെ കറുത്ത പാടുകള്‍ കാണാം. ഇവയെ സൂര്യകളങ്കങ്ങള്‍ (sunspots)എന്നു വിളിക്കുന്നു. ചിലപ്പോള്‍ അമിതപ്രഭയോടെ സൂര്യപ്രതലത്തിനെതിരെയോ (photopshere), ജ്വലിക്കുന്ന മേഖലകളായി സൂര്യബിംബത്തില്‍നിന്നുയര്‍ന്ന് തിരികെ പതിക്കുന്നതായോ പ്രകാശധാരകള്‍ കാണാം. ഇവയെയാണ് സൗരജ്വാലകള്‍ എന്നു വിളിക്കുന്നത്. വര്‍ഷങ്ങള്‍ക്കിടയിലോ ചിലപ്പോള്‍ മാസങ്ങളുടെ തന്നെ അന്തരത്തിലോ പ്രഭാമയങ്ങളായ ഇവ ഉണ്ടാകുന്നു. ഭൂമിയുടെ അത്ര വലിപ്പം ഉള്ളവമുതല്‍ സൂര്യപ്രതലത്തിന്റെ പകുതിയോളം വരെ വരുന്നവ ദൃശ്യമായിട്ടുണ്ട്.

 

ഈ സൗരജ്വാല എന്നാല്‍ എന്ത് എന്നുനോക്കാം. വിളക്ക് കത്തുന്നത് നാം കണ്ടിട്ടുണ്ട്. എണ്ണയൊഴിച്ച്, തിരിയിട്ട്, തീപ്പെട്ടി ഉരസിയാല്‍ ഉണ്ടാകുന്ന ജ്വാല (!) തിരിയുടെ അടുത്ത് പിടിച്ചാല്‍, തിരിയിലെ എണ്ണ കണക്കിന് ചൂടുപിടിച്ചാല്‍ കത്തുവാന്‍ തുടങ്ങും. കത്തുക എന്നാല്‍ എന്താണ്? സാമാന്യേന മിക്ക വസ്തുക്കളും അവയുടെ താപനില കണക്കിന് ഉയര്‍ത്തിയാല്‍ കത്തുവാന്‍ തുടങ്ങും. ഇവിടെ നടക്കുന്നത് വസ്തുവിലടങ്ങിയിരിക്കുന്ന രാസകണങ്ങളും അന്തരീക്ഷത്തിലുള്ള ഓക്‌സിജനുമായുള്ള പ്രതിപ്രവര്‍ത്തനമാണ്. രാസപ്രവര്‍ത്തനത്താല്‍ ഉണ്ടാകുന്ന തന്മാത്രകള്‍ വാതകരൂപേണ ആണ് പുറത്തുവരുന്നതെങ്കില്‍ നാം ഒരു ജ്വാല കാണുന്നു. കത്തുന്നതിന് ഓക്‌സിജന്‍ വേണമെന്നില്ല. കണക്കിനുള്ള താപനിലയുണ്ടായിരുന്നാല്‍ മതി. ഉദാഹരണം ക്ലോറിന്‍ വാതകത്തില്‍ സോഡിയം പൊട്ടിത്തെറിച്ച് കത്തും. രാസപ്രവര്‍ത്തനം തന്നെ വേണമെന്നില്ല. വളരെ ഉയര്‍ന്ന താപനിലകളില്‍ ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനം വഴിയും ഊര്‍ജമുണ്ടാകാം.

ഒരു വാതകത്തെ വളരെ അധികം ഞെരുക്കുകയാണെങ്കില്‍ അതിലെ തന്മാത്രകളുടെ ഗതിവേഗവും തന്മൂലം അവ തങ്ങളില്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതവും വര്‍ധിക്കുന്നു. സ്വഗുരുത്വാകര്‍ഷണം ഹേതുവായി ഞെരിഞ്ഞമരുന്ന വാതകഗോളങ്ങളാണ് നക്ഷത്രങ്ങള്‍.

ഇനി സൂര്യനില്‍ ജ്വാലകള്‍ ഉണ്ടാകുവാനുള്ള സാഹചര്യം എന്ത് എന്നു നോക്കാം.  സൂര്യനില്‍ നിന്ന് ചൂടും വെളിച്ചവും കിട്ടുന്നുണ്ട് എന്നുള്ളത് നിത്യാനുഭവമാണ്. സൗരപ്രതലത്തിന് ഏകദേശം അയ്യായിരത്തിഅഞ്ഞൂറു ഡിഗ്രി താപനിലയുണ്ട്. സൂര്യനൊരു വാതകഗോളമാണ്. തൊണ്ണൂറു ശതമാനത്തിലുമധികം ഹൈഡ്രജന്‍ ആറ്റങ്ങളാണ് വാതകത്തില്‍ . ശേഷം പ്രധാനമായും ഹീലിയവും. മറ്റു മൂലകങ്ങള്‍ തുലോം കുറവ്. രാസപ്രവര്‍ത്തനം വഴി ലഭ്യമാകുവാന്‍ സാധിക്കുന്നതിലും അധികം അളവ് ഊര്‍ജം സൂര്യനില്‍ നിന്ന് കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രവഹിച്ചിരിക്കുന്നു എന്നു നമ്മള്‍ ഫോസ്സിലുകള്‍ പഠിച്ച് മനസ്സിലാക്കുന്നു. സൂര്യന് ഇത്രയും ചൂടും വെളിച്ചവും എങ്ങിനെ ഉണ്ടാക്കുവാന്‍ കഴിയുന്നു?

 

ഒരു വാതകത്തെ വളരെ അധികം ഞെരുക്കുകയാണെങ്കില്‍ അതിലെ തന്മാത്രകളുടെ ഗതിവേഗവും തന്മൂലം അവ തങ്ങളില്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതവും വര്‍ധിക്കുന്നു. സ്വഗുരുത്വാകര്‍ഷണം ഹേതുവായി ഞെരിഞ്ഞമരുന്ന വാതകഗോളങ്ങളാണ് നക്ഷത്രങ്ങള്‍. കേന്ദ്രത്തില്‍ ദശലക്ഷക്കണക്കിന് ഡിഗ്രിയാണ് താപനില. ഉയര്‍ന്ന താപനിലയില്‍ വാതകം ആദ്യം ന്യൂക്ലിയസ്സുകളും ഇലക്‌ട്രോണുകളും തങ്ങളില്‍ വേര്‍പ്പെട്ട് അയണീകൃതമാകുന്നു. ഉയര്‍ന്ന താപനിലയില്‍ അതിവേഗതയില്‍ ശക്തമായി കൂട്ടിയിടിക്കുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍,അതായത് പ്രോട്ടോണുകള്‍, തമ്മിലുള്ള വിദ്യുത് വികര്‍ഷണത്തെ മറികടന്ന് (Coulomb repulsion) ന്യൂക്ലിയര്‍ കണികകളെ തങ്ങളിലൊട്ടിച്ചുനിര്‍ത്തുന്ന ശക്തബലത്തിന്റെ (സ്‌ട്രോംഗ് ഫോഴ്‌സ്) പരിധിക്കുള്ളിലാകത്തക്കവണ്ണം അടുക്കുന്നു. കൂടിച്ചേര്‍ന്ന് ഒരു പുതിയ ന്യൂക്ലിയസ്സുണ്ടാകുന്നു. അങ്ങിനെ ഒരു ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനം നടക്കുന്നു. ഇവിടെ ഉണ്ടായിവരുന്ന ന്യൂക്ലിയസ്സുകളിലെ കണികകളെ ചേര്‍ത്തുനിര്‍ത്തുന്ന ആകെ ബന്ധനോര്‍ജം ഇല്ലാതായവയുടെ ആകെ ബന്ധനോര്‍ജത്തേക്കാള്‍ അധികമായതിനാല്‍ അധികമുള്ള ഊര്‍ജം കണങ്ങളുടെ ഗതികോര്‍ജമായും ശക്തിയേറിയ ഗാമ വിദ്യുത് കാന്ത വികരണങ്ങളായും  പുറത്തുവരുന്നു. പ്രകാശവും ചൂടും (ഫോട്ടോണുകളും കണികകളുടെ അതിവേഗവും)തിക്കിയും തിരക്കിയും തട്ടിയും മുട്ടിയും കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കു കടക്കുവാന്‍ ശ്രമിക്കുന്നു. പുറത്തേക്കുള്ള ഈ തള്ളല്‍ ഗുരുത്വാകര്‍ഷണത്തെ എതിര്‍ത്ത്‌നിന്ന് ഒരു സന്തുലിതാവസ്ഥ സംജാതമാകുന്നു. ഇതാണ് നക്ഷത്രം. പ്രപഞ്ചത്തിലുള്ള ഏകദേശം എല്ല സഞ്ചയങ്ങളും തന്നെ അന്യോന്യമുള്ള ഗുരുത്വാകര്‍ഷണം കാരണമുള്ള അസന്തുലിതമായ പസ്പരാകര്‍ഷണങ്ങള്‍ മൂലം കറങ്ങുന്ന സ്വഭാവം ആര്‍ജിച്ചവയാണ്.

Coronal Mass Ejections

ഏതു വസ്തുവിനേയും എവിടെയെങ്കിലും പിടിച്ചു തള്ളുയോ വലിക്കുകയോ ചെയ്താല്‍ അതു കറങ്ങും എന്നുള്ളത് നമുക്ക് അനുഭവമായ കാര്യമാണല്ലൊ. ഇതിനെ ചുറ്റിക്കറങ്ങുന്ന വാതക(ദ്രവ)ഗോളങ്ങളില്‍ പ്രവാഹങ്ങള്‍ രൂപപ്പെടും. അയണീകൃത വാതകഗോളങ്ങളില്‍ പ്രവഹിക്കുന്ന ഒഴുക്കുകള്‍ മൂലം ഒരു കാന്തികമണ്ഡലം ഉണ്ടായിവരുന്നു. സ്വയം കറങ്ങുന്ന ഭൂമിക്കുള്ളിലെ ഉരുകിയ ഇരുമ്പുകാമ്പിലെ ഒഴുക്കുകള്‍, ഭൂമിയുടെ കാന്തമണ്ഡലം സൃഷ്ടിക്കുന്നതും ഇങ്ങനെയാണ്. അങ്ങിനെ അയേണുകളും കാന്തികാകര്‍ഷണ ചരടുകളും കൂടിച്ചേര്‍ന്ന ഒരു കാന്തിക പ്ലാസ്മ ആയിട്ടാണ് കറങ്ങിക്കൊണ്ടിരിക്കുന്ന സൂര്യന്റെ ഉള്ളിലെ പദാര്‍ത്ഥത്തിന്റെ അവസ്ഥ.

 

ഒരു പന്തെടുത്ത് കറക്കിയാലെങ്ങിനെയോ ആ രീതിയിലല്ല സൂര്യന്റെ കറക്കം. മദ്ധ്യരേഖാഭാഗങ്ങളും ധ്രുവപ്രദേശങ്ങളും ഒന്നു കറങ്ങിവരുവാനെടുക്കുന്ന സമയം വ്യത്യസ്തമാണ്. ഇതിന് സവ്യതിയാന ഭ്രമണം (Differential Rotation) എന്നും പറയും. ഈ അവസ്ഥയില്‍ കാന്തികാകര്‍ഷണ ചരടുകള്‍ക്ക് എന്തു സംഭവിക്കും എന്നു നോക്കാം. ഒരു പന്തിന്റെ രണ്ടു ധ്രുവങ്ങളിലായി രണ്ടറ്റവും ഒട്ടിച്ചുനിര്‍ത്തിയിരിക്കുന്ന ഒരു റബ്ബര്‍ നാട സങ്കല്പ്പിക്കുക. പന്തിന്റെ മധ്യരേഖയില്‍ വച്ച് നാട നുള്ളിപ്പിടിക്കുക. പന്തിനെ കറക്കുക. ഏറെ കറക്കിയാല്‍ സവ്യതിയാന ഭ്രമണം മൂലം നാട വലിഞ്ഞ് വലിഞ്ഞ്, ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് എന്ന രീതിമാറി പന്തിനെ ചുറ്റിക്കിടക്കുന്ന രീതിയില്‍ ആകുന്നു. വലിഞ്ഞു മുറുകി നില്ക്കുന്ന റബ്ബര്‍ നാട പൊട്ടുകയോ പിടിവിടുകയോ ചെയ്താല്‍ പിരിഞ്ഞുകയറും. തെറിക്കുകയും ചെയ്യും എന്നും നമുക്കറിയാം.

 

സൂര്യന്റെ ഉള്ളിലെ കാന്തദ്രവം നീണ്ട റബ്ബര്‍ സേമിയ കൊണ്ടുള്ള തിളച്ചു മറിഞ്ഞുകിടക്കുന്ന പായസം പോലെയാണ്. കാന്തച്ചരടിലെ പ്ലാസ്മക്ക് സാന്ദ്രത കുറവായതിനാല്‍ കാന്തവളയങ്ങള്‍ പൊങ്ങി സൂര്യനില്‍നിന്ന് പുറത്തേക്ക് വരുവാന്‍ ആയുന്നു. ചുവടുഭാഗം സൂര്യന്റെ ഉള്ളിലെ തിളക്കല്‍ കാരണം അനിയന്ത്രിതമായി ഉയര്‍ത്തപ്പെടുന്നതിനാല്‍ ഇവ പിരിയുവാനും കെട്ടുപിണയുവാനും സാധ്യതയുണ്ട്. അധികമായി കെട്ടുപിണഞ്ഞാല്‍ തങ്ങളില്‍ ഞെരിയുന്ന ഭാഗം പൊട്ടുകയും പൊട്ടിയ ആറ്റങ്ങള്‍ പിരിവിട്ട്- ആകപ്പാടെയുള്ള പിരിമുറുക്കം കുറഞ്ഞിരിക്കത്തക്കവണ്ണമുള്ള രീതിയില്‍- കൂടിച്ചേരുകയും ചെയ്യുന്നു. ഇതിനെ കാന്തിക പുന:സങ്കലനം (Magnetic Reconnection) എന്നു വിളിക്കുന്നു. വലിച്ചുപിരിച്ചു വച്ചിരിക്കുന്ന റബ്ബര്‍ നാട മുറിച്ചു വിട്ടാല്‍ മുറുക്കത്തില്‍ സൂക്ഷിച്ചിരുന്ന ഊര്‍ജം മൂലം തെറിക്കും. അതുപോലെ മേല്‍പ്പറഞ്ഞ കാന്തച്ചരടുകള്‍ പൊട്ടുമ്പോള്‍ മുറുക്കം വിട്ടു തെറിക്കാനും പുന:സങ്കലനം മൂലം ഉയര്‍ന്ന താപനില ഉണ്ടകുവാനും സാധ്യമാകുന്നു. ഉയര്‍ന്ന താപനിലയുള്ള ജാജ്വലമായ കാന്തദ്രവം സൂര്യനില്‍നിന്നും പുറത്തേക്ക് തെറിക്കുവാന്‍ സാധ്യതയുണ്ടാകുന്നു. ഇവ ഉയര്‍ന്ന് വന്ന് തിരികെ തീമാരിയായി പതിക്കുന്ന സൗരജ്വാലകളായോ തെറിച്ചകന്നുപോകുന്ന സൗരോത്സര്‍ജങ്ങളായോ നമുക്ക് പ്രത്യക്ഷീഭവിക്കുന്നു (Coronal Mass Ejections). സ്വസ്ഥാവസ്ഥയില്‍ കാന്തച്ചരടുകളും ചുറ്റുമുള്ള പ്ലസ്മയും തമ്മില്‍ മര്‍ദ സംതുലിതമായ അവസ്ഥയാണ്. കാന്തച്ചരടിനുള്ളില്‍ കാന്തിക മര്‍ദ്ദവും വാതകമര്‍ദ്ദവും ചേര്‍ന്ന മര്‍ദ്ദവും പുറത്ത് വാതകമര്‍ദ്ദവും മാത്രവും. ആയതിനാല്‍ ചരടിനുള്ളില്‍ വാതകത്തിന്റെ താപനിലയും സാന്ദ്രതയും പുറത്തുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. ഭാരം കുറഞ്ഞ താഴ്ന്ന താപനിലയിലുള്ള കാന്തരേഖകള്‍ സൂര്യന്റെ ഉള്ളില്‍ നിന്ന് പൊങ്ങിവന്ന് പതുക്കെ പുറത്തേക്കും തലനീട്ടാം. അപ്പോള്‍ സൂര്യപ്രതലവുമായുള്ള ഇതിന്റെ ഛേദം ഇരുണ്ട് കാണപ്പെടും. ചുറ്റുമുള്ള വാതകങ്ങള്‍ ചരടിലുള്ളതിനെ അപേക്ഷിച്ച് അഞ്ഞൂറില്‍പരം ഡിഗ്രി അധിക താപനിലയുള്ളതാണ് എന്നതു കൊണ്ടാണ് ഇങ്ങനെ ഇരുണ്ട് തോന്നിക്കുന്നത്. ഇവയാണ് സൂര്യ കളങ്കങ്ങള്‍.

ഈ കണികകള്‍ ഒരു സുന്ദരദൃശ്യം നമുക്ക് വേണ്ടി ഒരുക്കുന്നുണ്ട്. ഭൂമിയുടെ കാന്ത രേഖകളില്‍കൂടി ഇവ കാന്തിക ധ്രുവങ്ങളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഇവയില്‍നിന്ന് പ്രകാശ കണങ്ങള്‍ പുറപ്പെടുന്നു. ധ്രുവവര്‍ണ്ണരാജികള്‍ ആയി ഇവ ഉയര്‍ന്ന അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്നു.

aurora

ചുരുക്കത്തില്‍ ഇതൊക്കെയാണ് സൗരജ്വാലകളുടെ ഉത്ഭവ വിശേഷങ്ങള്‍. വളരെ ഉയര്‍ന്ന താപനിലയിലുള്ളവയെങ്കില്‍ എക്‌സ്-റെ വികരണങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ ഇവയെ എക്‌സ്ജ്വാലകള്‍ (X-type Flare) എന്നു വിളിക്കുന്നു. സൗരപ്രതലം കടന്നാല്‍ എക്‌സ് രശ്മികള്‍ എട്ട് മിനിട്ടുകൊണ്ട് ഭൂമിയിലെത്തും. കാന്തദ്രവം ഏതാനും ദിവസങ്ങള്‍ക്കുള്ളിലും. എക്‌സ്‌രശ്മികള്‍ അന്തരീഷം കടന്ന് ഭൂമിയുടെ പ്രതലത്തിലെത്തും. കാന്തദ്രവം ഭൂമിയുടെ കാന്തമേഖലയെ തള്ളുകയും അയണമണ്ഡലത്തെ ശക്തമായി ഉലക്കുകയും ചെയ്യും. ഇതുമൂലം സംഭവിക്കുന്ന ഉയര്‍ന്ന വൈദ്യുതി പ്രവാഹത്തില്‍ വൈദ്യുതി വിതരണവ്യൂഹം സ്തംഭനത്തിലായ സംഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അയണമണ്ഡലത്തെ ഉലക്കുന്നതിനാല്‍ ഇത് വാര്‍ത്താവിനിമയസംവിധാനത്തെയും തകരാറിലാക്കിയേക്കും. ഉയര്‍ന്ന താപനിലയിലുള്ള പ്ലാസ്മയിലെ കണികകള്‍ ഉഗ്രവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുളും ഇലക്ക്‌ട്രോണുകളും മറ്റും ആണ്. ഇവ പതിക്കുന്നത് ഗഗനചാരികള്‍ക്ക് ആപല്‍ക്കരവും ആകാശപേടകങ്ങള്‍ക്ക് ഹാനികരവും ആണ്. എങ്കിലും ഈ കണികകള്‍ ഒരു സുന്ദരദൃശ്യം നമുക്ക് വേണ്ടി ഒരുക്കുന്നുണ്ട്. ഭൂമിയുടെ കാന്ത രേഖകളില്‍കൂടി ഇവ കാന്തിക ധ്രുവങ്ങളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഇവയില്‍നിന്ന് പ്രകാശ കണങ്ങള്‍ പുറപ്പെടുന്നു. ധ്രുവവര്‍ണ്ണരാജികള്‍ (Aurora), സുതാര്യങ്ങളായ വര്‍ണ്ണവിതാനങ്ങള്‍, ആയി ഇവ ഉയര്‍ന്ന അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്നു.

 

സൗരോത്സര്‍ജങ്ങളെ ഭയക്കേണ്ട ആവശ്യമുണ്ടോ? അതിശക്തമായ ഒരു സൗരോത്സര്‍ജം ഉണ്ടാകുകയും അത് ഭൂമിക്കു നേരെയായി വരികയും ചെയ്താല്‍ ഏറെ ഹാനി പ്രതീക്ഷിക്കാം. എന്നാല്‍ അതിനുള്ള സാധ്യത തുലോം കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്ന് നിരന്തരം പ്രവഹിക്കുന്ന നേര്‍ത്ത പ്ലാസ്മ സൗരവാതത്തെയോ സൗരകളങ്കങ്ങളെയോ (ഇവയുടെ എണ്ണം അധികമാകുന്ന കാലങ്ങളില്‍ സൗരജ്വാലകളുടെ എണ്ണവും ശക്തിയും കൂടുന്നു) ജ്വാലകളെയോ ഉല്‍സര്‍ജങ്ങളേയൊ പറ്റി ആശങ്കപ്പെടുന്നതിനു പകരം കൊറോണോഗ്രാഫ് ഉപയോഗിച്ച് നമുക്ക് അവയെ പഠിക്കാം. പേടകങ്ങളയച്ച് സൗരപ്ലാസ്മ ശേഖരിച്ച് പഠിക്കാം. (ഭാരതത്തിന്റെ ഈ മേഖലയിലുള്ള സംരഭമായ 'ആദിത്യ' ഇത്തരുണത്തില്‍ ഓര്‍ക്കട്ടെ). സൈദ്ധാന്തികമായി മനസ്സിലാക്കാന്‍ ശ്രമിക്കാം. ഗഗന കാലാവസ്ഥാ പ്രവചനത്തില്‍ നിപുണരാകാം. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ഗഗനചാരികള്‍ക്കും സൗരജ്വാലകള്‍ക്കും ഉല്‍സര്‍ജങ്ങള്‍ക്കുമെതിരെ മതിയായ സംരക്ഷണം ഉറപ്പുവരുത്താം. വൈദ്യുതി വിതരണവ്യൂഹങ്ങള്‍ അധിക വൈദ്യുതിപ്രവാഹം മൂലം മുറിഞ്ഞുപോകുന്നത് എങ്ങിനെ തടയിടാം എന്ന് കണ്ടുപിടിക്കാം. വാര്‍ത്താവിനിമയ ഉപാധികളെ എങ്ങിനെ സംരക്ഷിക്കാം എന്നു ചിന്തിക്കാം. അതി മനോഹരങ്ങളായ ധ്രുവവര്‍ണ്ണരാജികളെ ആസ്വദിക്കാം.

 

Dr. K. Indulekhaകോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ് ഫിസിക്സില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ് കെ. ഇന്ദുലേഖ.