Skip to main content

ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. നിയമ, ആഭ്യന്തര, ഉദ്യോഗസ്ഥ കാര്യ മന്ത്രാലയങ്ങളുടെ പരിശോധനക്ക് ശേഷം ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍, ബില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി. പ്രതികരിച്ചു. 

 

ചരക്കുകളും സേവനങ്ങളും സമയബന്ധിതമായി ലഭിക്കുന്നത് അവകാശമാക്കിയും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയുമാണ് ബില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍, സ്ടാട്യൂട്ടറി സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തങ്ങള്‍, എന്‍.ജി.ഒകള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. സേവനം നല്‍കുന്നത്തില്‍ വീഴ്ച വരുത്തുകയോ അഴിമതി നടത്തുകയോ ചെയ്‌താല്‍ പിഴശിക്ഷയും ക്രിമിനല്‍ അല്ലെങ്കില്‍ ലോക്പാല്‍ അന്വേഷണവും നിയമം വ്യവസ്ഥ ചെയ്യുന്നു.

 

ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. കേന്ദ്രത്തിന് ആവശ്യമെങ്കില്‍ ഒരു മാതൃകാ നിയമം പസ്സാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും ഇതിനകം സേവനാവകാശ നിയമങ്ങള്‍ കൊണ്ട് വന്നതായി അദ്ദേഹം പറഞ്ഞു.

 

അണ്ണാ ഹസാരെ നടത്തിയ സമരത്തെ തുടര്‍ന്ന് 2011 ഡിസംബറിലാണ് സര്‍ക്കാര്‍ ലോക സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ പൗരാവകാശ പട്ടികയ്ക്ക് നിയമസാധുത നല്‍കുകയാണ് ബില്ലിന്റെ ലക്‌ഷ്യം.