ന്യൂഡല്‍ഹി: വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗി അടക്കം 12 പേര്‍ക്കെതിരെ സി.ബി.ഐ. പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി. ശിക്ഷാ നിയമത്തിലെ കുറ്റകരമായ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
3600 കോടി രൂപയുടെ കോപ്ടര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്ത വെസ്റ്റ്‌ലാന്റിനു പ്രയോജനപ്പെടുന്ന രീതിയില്‍ അവിഹിതമായി ഇടപെട്ടു എന്നതാണ് ത്യാഗിക്കെതിരെയുള്ള ആരോപണം. കരാര്‍ ലഭിക്കാന്‍ കമ്പനി കോഴ നല്‍കിയതായി ഇറ്റലിയില്‍ നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അഴിമതി, ക്രിമിനല്‍ കുറ്റങ്ങളില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന ആദ്യ വ്യോമസേനാ മേധാവിയാണ് ത്യാഗി. ത്യാഗിയുടെ ബന്ധുക്കള്‍ ഇടപാടില്‍ ഇടനിലക്കരായിരുന്നു എന്നാണ് ആരോപണം.