ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച വയറു കാട്ടി നടി സെലീന ജയറ്റ്ലി. ബീച്ചില്‍ പിങ്കും കറുപ്പും കലര്‍ന്ന ബിക്കിനിയിട്ടു കൊണ്ടാണ് സെലീന വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാം തവണയാണ് സെലീന അമ്മയാകുന്നത്. ഇന്ത്യന്‍ സ്ത്രീകളെ കുറിച്ച് സമൂഹത്തില്‍ ഉറച്ചു പോയ ധാരണ പൊളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ വയറും കാട്ടി ബിക്കിനി വേഷത്തിലുള്ള ചിത്രം പ്രസിദ്ധപ്പെടുത്തുന്നതെന്ന് സെലീന വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമിലാണ് വിപ്ലവ സൃഷ്ടിക്കായി ഈ ചിത്രം പോസ്റ്റ് ചെയ്തത്.
സെലീനയുടെ ഭര്‍ത്താവ് പീറ്റര്‍ വാഗാണ് ചിത്രമെടുത്തത്. ആ ദിവസത്തെ കാര്യത്തില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്,48 ഡിഗ്രി ചൂടായിരുന്നുവെങ്കിലും . ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്ത സൃഷ്ടിക്ക് ഒട്ടും കാശ് ചെലവില്ല. മാത്രമല്ല വളരെ ലളിതമായി അവ സാധ്യമാക്കാനും കഴിയുന്നു. എനിക്കറിയാം ഗര്‍ഭാവസ്ഥയില്‍ വയറും പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇത്തരത്തിലൊരു ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകും. പക്ഷേ ചില ധാരണകള്‍ മാറ്റിയേ കഴിയൂ. ഏതവസ്ഥയിലും ആരോഗ്യവും സൗന്ദര്യവും ആസ്വദിക്കാനാകണം സെലീന ചിത്രത്തോടൊപ്പമിട്ട കുറിപ്പില്‍ പറയുന്നു.
ആയുഷ് മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് ഉപേദശ രൂപേണ ചില നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് സെലീനയുടെ ബിക്കിനി വിപ്ലവച്ചിത്ര പ്രസിദ്ധീകരണം . ഗര്‍ഭകാലത്തെ അമ്മമാരുടെ മനോവ്യാപാരവും വാസനകളും ചിന്തയുമെല്ലാം ജനിക്കുന്ന കുഞ്ഞിനെ സ്വാധീനിക്കുന്നു എന്നുള്ളതാണ് ആയുഷ് വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തിലെ മുഖ്യ ഊന്നല്‍. ഒരു പരിധിവരെ അത് ശാസ്ത്രീയവുമാണ്. ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം പലപ്പോഴും അനാചാര കവചങ്ങളാല്‍ മൂടപ്പെടാറുണ്ട്. ആ കവചങ്ങളിലൂടെ ആചാരത്തെ കാണുകയും ആചരിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും അത് അനാചാരങ്ങളിലേക്ക് വഴുതി വീഴുന്നുണ്ട്. മതങ്ങള്‍ പലപ്പോഴും അനാചാര ചിഹ്നങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച് കാണപ്പെടുന്നുണ്ട്.
ബിജെപി. മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു എന്നുള്ളത് വസ്തുത. ഇത് യുക്തിപൂര്വ്വമെന്നു തോന്നുന്ന മറ്റൊരു അനാചാരത്തിലേക്ക് കാര്യങ്ങളെ നയിക്കുന്നു. അതിനെ വേണമെങ്കില്‍ സെക്യുലര്‍ അനാചാരമെന്നു വിളിക്കാം. കാരണം ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും എന്തുു പറയുന്നുവോ അതിന് നേര്‍വിപരീതമാണു് സെക്യുലര്‍ നിലപാട് എന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. ആയുഷ് മന്ത്രാലയം ഗര്‍ഭിണികളെ ഉദ്ദേശിച്ചു കൊണ്ട് ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പലതും പാരമ്പര്യമായി ഈ രാജ്യത്തു നിലനിന്നുപോന്നതാണ്. ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നതാണു് ഗര്ഭകാലത്തുണ്ടാവേണ്ട അമ്മയുടെ മാനസികശാരീരിക സ്വാസ്ഥ്യവും സന്തോഷവും. അത്ര തന്നെയാണ് മാര്‍ഗ്ഗ നിര്ദ്ദേശങ്ങളിലുമുള്ളത്.
സെലീന ജയ്റ്റ്ലിയുടെ ഇരട്ടക്കുട്ടികളെ പേറിക്കൊണ്ടുള്ള ദൃശ്യം മാതൃത്വത്തിന്റേതാണ്. മാതൃത്വം എന്ന ഭാവം മനുഷ്യനില്‍ അവളുടെ അല്ലെങ്കില്‍ അവന്റെ സംസ്കൃതിയുടെ ആധാരമാണ്. മാതൃഭാവത്തിന്റെ അഭാവത്തില്‍ വളരുന്ന കുട്ടികളില്‍ വിധ്വംസകത്വം വര്‍ധിക്കും. ഭീകരവാദികളുടെയും കൊടും കുറ്റവാളികളുടെയും ചരിത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും. ഹിറ്റ്ലര്‍ അതിനുള്ള ചരിത്രത്തിലെ ഏറ്റവും നല്ല ഉദാഹരണം.
സെലീന ബിക്കിനിയെ ഇവിടെ കാണുന്നത് ശരീരപ്രദര്‍ശന സാധ്യതയായിട്ടാണ്. അതാണല്ലോ ഉറഞ്ഞു പോയ ധാരണകള്‍ പൊളിച്ചടുക്കാന്‍ വിപ്ലവകരമായ രീതിയില്‍ ബിക്കിനിയില്‍ സ്വയം പ്രത്യക്ഷപ്പെട്ടത്. ശരീരപ്രദര്ശനത്തോടൊപ്പം മാതൃത്വ ഭാവത്തേയും സെലീന കുട്ടിക്കഴച്ചിരിക്കുന്നു. അപ്പോള്‍ കാഴ്ചക്കാരില്‍ സമ്മിശ്രമായ വികാരങ്ങളാണ് ജനിക്കുന്നത്. അത് സെലീന ഉദ്ദേശിക്കുന്ന വിപ്ലവത്തെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. അതേ സമയം ഏതു രീതിയില്‍ പെരുമാറണമെന്നുള്ളത് സെലീനയുടെ പരിപൂര്‍ണ്ണ സ്വാതന്ത്യമാണ്. മനുഷ്യനെ കുറിച്ചും സമൂഹത്തെ കുറിച്ചും ചിന്തയുണ്ടാവുക, ആ വിഷയത്തില്‍ മനനം ചെയ്യുക ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടാവുക എന്നിവയൊക്കെയാണ് സാമൂഹികമായി വിപ്ലവത്തിനും മാറ്റത്തിനും വേണ്ടിയമിക്കുന്നവര്ക്കുണ്ടായിരിക്കേണ്ട അവശ്യം യോഗ്യതകള്‍. ഒരു ഗര്‍ഭകാല വൈകുന്നേരത്തെ വേഷപ്പകര്ച്ചകൊണ്ട് ഒരു രാജ്യത്തിന്റെ പൊതുധാരണയെ പൊളിച്ചുമാറ്റാമെന്നു് കരുതുന്നത് മൗഢ്യമാണ്