കേജ്രിവാളിന്റെ പോരായ്മകള്‍ എ.എ.പിയ്ക്ക് ഹാനികരമായേക്കുമെന്ന് ഭൂഷണും യാദവും

Fri, 27-03-2015 03:52:00 PM ;
ന്യൂഡല്‍ഹി

yogendra yadv and prashanth bhushan

 

ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനേയും ആം ആദ്മി പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തേയും വിമര്‍ശിച്ച് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുന്നതിന് തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന്‍ ഇരുവരും പറഞ്ഞു. എന്നാല്‍, ശനിയാഴ്ച ചേരുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ സ്ഥാപക നേതാക്കളായ ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് സൂചന.

 

പത്ത് ദിവസം നീണ്ട അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭൂഷണും യാദവും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അരവിന്ദ് കേജ്രിവാളിന്റെ പോരായ്മകള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഹാനികരമായേക്കുമെന്നും ഒരാള്‍ തന്നെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നല്ല ഉദ്ദേശങ്ങള്‍ മാത്രം ഒരാളെ നല്ല നേതാവക്കില്ലെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ പാര്‍ട്ടിയ്ക്ക് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന്‍ രാജിവെക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ചില നേതാക്കള്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ആഭ്യന്തര ലോക്പാല്‍, കൂടുതല്‍ സുതാര്യത, പ്രാദേശിക യൂണിറ്റുകള്‍ക്ക് കൂടുതല്‍ സ്വയംഭരണ അവകാശം, വിവരാവകാശ നിയമം പാര്‍ട്ടിയ്ക്ക് ബാധകമാക്കുക, പ്രധാന വോട്ടെടുപ്പുകളില്‍ രഹസ്യ ബാലറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചിട്ടുള്ളത്‌.

 

മാര്‍ച്ച് നാലിന് പാര്‍ട്ടിയുടെ നിര്‍ണ്ണായക സമിതിയായ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന്‍ ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇവ പാലിക്കപ്പെട്ടാല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗത്വം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ രാജിവെക്കാമെന്ന് വ്യക്തമാക്കി ഇരുനേതാക്കളും കത്തയച്ചത്. എന്നാല്‍, ഈ ആവശ്യങ്ങള്‍ പാലിക്കാതെ തങ്ങളുടെ കത്ത് രാജിയായി കണക്കാക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

 

അതേസമയം, ഭൂഷണിനേയും യാദവിനേയും പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിനുള്ള വേദിയാകും മാര്‍ച്ച് 28-ന് നടക്കുന്ന ദേശീയ കൗണ്‍സില്‍ എന്നാണ് സൂചന. ഇരുവരുമായും ഇനി അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് അശുതോഷും രണ്ടുപേരും രാജിവെച്ച് മാന്യമായി പുറത്തുപോകണമെന്ന് മറ്റൊരു നേതാവ് കുമാര്‍ വിശ്വാസും വെള്ളിയാഴ്ച പ്രതികരിച്ചു. നേരത്തെ, ഇവരെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന്‍ പുറത്താക്കിയത് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതടക്കമുള്ള നടപടികള്‍ക്കാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു.

Tags: