ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു

Fri, 20-02-2015 11:55:00 AM ;
പാറ്റ്ന

jitan ram manjhi

 

നിയമസഭയില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പായി ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ജിതന്‍ റാം മഞ്ജി രാജിവെച്ചു. സഭാനടപടികള്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് രാജ് ഭവനില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സന്ദര്‍ശിച്ചാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മഞ്ജി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

ഐക്യജനതാദള്‍ (ജെ.ഡി.യു) നിയമസഭാകക്ഷി നേതാവായി ഫെബ്രുവരി ഏഴിന് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തെങ്കിലും മഞ്ജി സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതോടെയാണ് ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന്‍ മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയിരുന്നു.

 

രാജിവാര്‍ത്ത  പുറത്തുവന്നതോടെ ജെ.ഡി.യു പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. തങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടതായും ബീഹാറില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ കളി പരാജയപ്പെട്ടതായും നിതീഷ് കുമാര്‍ പറഞ്ഞു.

 

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴാണ് നിതീഷിന്റെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന മഞ്ജി കഴിഞ്ഞ മെയില്‍ മുഖ്യമന്ത്രിയായത്. അപ്പോള്‍ത്തന്നെ, ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഞ്ജിയെ മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ആയതോടെ മഹാദളിത്‌ വിഭാഗത്തിന്റെ പ്രതിനിധിയായി തന്നെ ഉയര്‍ത്തിക്കാട്ടി നിതീഷിന്റെ നിഴലില്‍ നിന്ന്‍ മഞ്ജി പുറത്തുവരികയായിരുന്നു.

 

243 അംഗ നിയമസഭയില്‍ 130 പേരുടെ പിന്തുണ ഉണ്ടെന്ന്‍ നിതീഷ് കുമാര്‍ ഗവര്‍ണറുടെ മുന്നില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ജെ.ഡി.യു അംഗങ്ങള്‍ക്ക് പുറമേ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ലഭിക്കാതെ രാജിയില്ലെന്ന നിലപാടിലായിരുന്നു മഞ്ജി.

 

111 ജെ.ഡി.യു അംഗങ്ങളില്‍ 97 പേരും ആര്‍.ജെ.ഡിയുടെ  24, കോണ്‍ഗ്രസിന്റെ അഞ്ച്, സി.പി.ഐയുടെ ഒന്ന്‍ എന്നിവരുടെ പിന്തുണയാണ് നിതീഷ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, 43 ജെ.ഡി.യു അംഗങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് മഞ്ജി പറഞ്ഞിരുന്നത്. 87 അംഗങ്ങളുള്ള ബി.ജെ.പി വിശ്വാസവോട്ടെടുപ്പില്‍ മഞ്ജിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സഭയില്‍ പാതിപേരുടെ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മഞ്ജി രാജിയ്ക്ക് തയ്യാറായത്.

Tags: