ബീഹാര്‍: ഫെബ്രുവരി 20-ന് ഭൂരിപക്ഷം തെളിയിക്കാന്‍ മഞ്ജിയോട് ഗവര്‍ണര്‍

Thu, 12-02-2015 01:57:00 PM ;
പാറ്റ്ന

jitan ram manjhi

 

ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോട് ഫെബ്രുവരി 20-ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഐക്യജനതാദള്‍ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‍ തിങ്കളാഴ്ച മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയിരുന്നു.

 

ബജറ്റ് സമ്മേളനത്തിന് സഭ ചേരുന്ന ദിവസം ഗവര്‍ണറുടെ അഭിസംബോധന കഴിഞ്ഞാലുടന്‍ സഭയില്‍ മഞ്ജി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതായി രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, രഹസ്യബാലറ്റ് വേണമെന്ന മഞ്ജിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

 

ഐക്യജനതാദള്‍ അദ്ധ്യക്ഷന്‍ ശരദ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ് എന്നിവര്‍ക്കൊപ്പം തന്നെ പിന്തുണയ്ക്കുന്ന 130 എം.എല്‍.എമാരെ കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ ന്യൂഡല്‍ഹിയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നില്‍ അണിനിരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

Tags: