Skip to main content

2025-ഓടെ ജീവിതദൈര്‍ഘ്യം ഇപ്പോഴത്തെ 67.5-ല്‍ നിന്ന്‍ 70 ആയി ഉയര്‍ത്താനും പ്രജനന നിരക്ക് 2.1-ലേക്ക് കുറയ്ക്കാനും പുതിയ ദേശീയ ആരോഗ്യ നയം ലക്ഷ്യമിടുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയും മരുന്നും സൗജന്യമാക്കാനും നയം ലക്ഷ്യമിടുന്ന നയം കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.

 

രോഗീപരിചരണത്തില്‍ നിന്ന്‍ സൗഖ്യത്തിലേക്ക് ആരോഗ്യസേവന മേഖലയുടെ ഊന്നല്‍ മാറ്റുന്നതിനാണ് നയത്തിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിനും ആരോഗ്യ പ്രോത്സാഹനത്തിനും നയം പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആരോഗ്യ പ്രോത്സാഹനത്തിന്‍റെ ഭാഗമായി സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും യോഗ കൂടുതല്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ പൊതുജനാരോഗ്യ ചെലവ് ഇപ്പോള്‍ രണ്ട് ശതമാനത്തില്‍ താഴെയെന്ന നിലയില്‍ നിന്ന്‍ ക്രമേണ 2.5 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.  

 

2025-നകം അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 23 ആയും നവജാത മരണ നിരക്ക് 16 ആയും ചാപിള്ള നിരക്ക്  ഒറ്റ അക്കതിലെക്കും മാതൃമരണ നിരക്ക് 2020-ല്‍ 100 ആയും ശിശുമരണ നിരക്ക് 2019-ല്‍ 28 ആയും കുറയ്ക്കാനും നയം ലക്ഷ്യമിടുന്നു.