ജല്ലിക്കെട്ട് നടത്തുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. താന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷം രാഷ്ട്രപതിയ്ക്ക് അയക്കുമെന്നു പന്നീര്‍സെല്‍വം പറഞ്ഞു.
നിരോധനം നീക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിസ്സഹായത വ്യക്തമാക്കിയാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി കാര്യാലയം പ്രസ്താവന ഇറക്കിയത്. ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മോദി എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ കേന്ദ്രം പിന്തുണയ്ക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരവും പ്രക്ഷോഭവും ശക്തമായി തുടരുകയാണ്. വിവിധ സംഘടനകള്‍ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദിന് നല്ല പ്രതികരണമാണ്. ഡി.എം.കെ വിവിധ കേന്ദ്രങ്ങളില്‍ തീവണ്ടി ഗതാഗതം തടഞ്ഞു.
ചെന്നൈയില്‍ മറീന ബീച്ചാണ് പ്രക്ഷോഭത്തിന്റെ കേന്ദ്രം. ആയിരങ്ങളാണ് ഇവിടെ ചൊവ്വാഴ്ച മുതല്‍ തമ്പടിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.
മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചതോടെയാണ് ജനുവരി മധ്യത്തില്‍ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായത്. ഇത് മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുയാണ്.