വരുണ്‍ ഗാന്ധിയെ ‘വശീകരിച്ച്’ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം; തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് വരുണ്‍

Fri, 21-10-2016 10:13:05 AM ;

ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയില്‍ നിന്നും ഏതാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണം. വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മയാണ് വിദേശി ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് ഇത് ചെയ്തതെന്ന്‍ വര്‍മയുടെ മുന്‍ വ്യാപാര പങ്കാളിയും യു.എസില്‍ അഭിഭാഷകനുമായ സി. എഡ്മണ്ട്സ് അല്ലന്‍ ആരോപിച്ചു. ഇവ ഉള്‍പ്പെടുത്തി അല്ലന്‍ രണ്ടു കത്തുകള്‍ ആഗസ്ത് 25നും സെപ്തംബര്‍ 16നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ചിട്ടുണ്ട്.

 

എന്നാല്‍, ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ വരുണ്‍ ഗാന്ധി ഇതില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കാര്യാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

വര്‍മ്മക്കെതിരെ നൂറുകണക്കിന് രേഖകള്‍ സി.ബി.ഐയ്ക്കും മറ്റു ഏജന്‍സികള്‍ക്കും കൈമാറിയ വ്യക്തിയാണ് അല്ലന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കുപ്രസിദ്ധമായ 2005ലെ നാവികസേനാ യുദ്ധമുറി ചോര്‍ത്തല്‍ ഉള്‍പ്പെടെ പല കേസുകള്‍ വര്‍മ്മക്കെതിരെയുണ്ട്.

 

വരുണ്‍ ഗാന്ധി പ്രതിരോധകര്യ പാര്‍ലമെന്‍ററി ഉപദേശക സമിതിയില്‍ അംഗമായിരിക്കവെയാണ് വര്‍മ്മയും കൂട്ടാളികളും വരുണിനെ വലയില്‍ വീഴ്ത്തിയതെന്നാണ് ആരോപണം. സമിതിയിലെ മറ്റ് എം.പിമാരും അവരുടെ സ്റ്റാഫും ഏതാനും സൈനിക ഉദ്യോഗതരും ഇതേരീതിയില്‍ കെണിയില്‍ പെട്ടിട്ടുണ്ടാകാമെന്നും കത്തില്‍ പറയുന്നു.

 

സ്വരാജ് അഭിയാന്‍ എന്ന സംഘടന രൂപീകരിച്ച മുന്‍ എ.എ.പി നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവുമാണ് അല്ലന്‍ അയച്ച രേഖകള്‍ പുറത്തുവിട്ടത്.

Tags: