Skip to main content

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് അസാധ്യമാണെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് നിയമ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിയുടെ സാഹചര്യത്തിലാണ് പ്രതികരണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മുസ്ലിം സംഘടനകളും മറ്റ് പ്രതിപക്ഷ കക്ഷികളും എകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇവര്‍ ആരോപിക്കുന്നു. അതേസമയം, സമൂഹത്തിന്റെ പുരോഗമനത്തിന് ഉതകുന്ന നടപടിയാണ് ഏകീകൃത സിവില്‍ കോഡെന്ന്‍ ബി.ജെ.പി പ്രതികരിച്ചു.     

 

കോഡ് നടപ്പിലാക്കുന്നത് രാജ്യത്തിന്‍റെ നാനാത്വത്തെയും ബഹുസ്വരതയെയും കൊല്ലുമെന്ന് മജ്‌ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസാസുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. മുസ്ലിം വീക്ഷണത്തില്‍ മാത്രമല്ല ഇതിനെ സമീപിക്കേണ്ടതെന്ന് ഒവൈസി പറഞ്ഞു. ഇന്ത്യ നാനാത്വത്തിന്റെ ഭാഗമായ ദളിത്‌, ആദിവാസി പാരമ്പര്യങ്ങള്‍ ഹിന്ദുമതത്തില്‍ നിന്ന്‍ ഭിന്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം മുസ്ലിങ്ങളില്‍ കേന്ദ്രീകരിച്ച് ധ്രുവീകരണം സൃഷ്ടിക്കാനാണ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ പരിപാടിയെന്ന്‍ ഒവൈസി ആരോപിച്ചു.     

 

മുത്തലാഖ് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചോദ്യാവലിയോട് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ചോദ്യാവലി ബഹിഷ്ക്കരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.  

 

ഇന്ത്യയെപ്പോലെ 200-300 വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് അസാധ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നിയമ മന്ത്രിയുമായ വീരപ്പ മൊയ്ലി പറഞ്ഞു. ഇതിനെ വര്‍ഗീയ അജണ്ടയായോ ഹിന്ദു മുസ്ലിം പ്രശ്നമായോ ആരും സമീപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.