Skip to main content
ന്യൂഡല്‍ഹി

make in india logo

 

രാജ്യത്തെ പരിമിതികള്‍ കാരണം ഒരു ഇന്ത്യന്‍ കമ്പനിയും രാജ്യം വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ താന്‍ പ്രഖ്യാപിച്ച മേക് ഇന്‍ ഇന്ത്യ പ്രചാരണത്തിന് ന്യൂഡല്‍ഹിയില്‍ വ്യാഴാഴ്ച തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രചാരണത്തിന്റെ ലോഗോയും ചുവപ്പ് നാടയ്ക്ക് വിട; ചുവപ്പ് പരവതാനിയ്ക്ക് സ്വാഗതം എന്ന മുദ്രാവാക്യവും മോദി പ്രകാശനം ചെയ്തു.

 

ഇന്ത്യയില്‍ ആദ്യം നിക്ഷേപിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം എഫ്.ഫി.ഐ എന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ വ്യവസായികള്‍ക്ക് അതൊരു ഉത്തരവാദിത്വവും ലോകത്തെ മറ്റുള്ളവര്‍ക്ക് ഒരവസരവുമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ കമ്പനികള്‍ ബഹുരാഷ്ട്ര കമ്പനികളായി മാറണമെന്നും മോദി പറഞ്ഞു.

 

ഏഷ്യയില്‍ ഇന്ത്യയില്‍ മാത്രമാണ് ജനായത്തവും ജനസംഖ്യാ ശക്തിയും ആവശ്യവും ഒരുമിച്ചുള്ളതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. സദ്ഭരണം മാത്രമല്ല, ഫലപ്രദമായ ഭരണവും തന്റെ ലക്ഷ്യമാണെന്ന് മോദി പറഞ്ഞു. എല്ലാവരുടെ ഇടയിലും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അത് രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.  

 

ദേശീയ ഉല്‍പ്പാദന നയവും മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച 25 മേഖലകളെ കുറിച്ചുള്ള വിവരണം അടങ്ങിയ ബ്രോഷറും മോദി പ്രകാശനം ചെയ്തു. ഈ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കാനും നൈപുണികള്‍ വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായികള്‍ക്ക് സഹായം നല്‍കാന്‍ ഒരു സംഘം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

 

വാഹന നിര്‍മ്മാണം, രാസ നിര്‍മ്മാണം, വിവര സാങ്കേതിക വിദ്യ, ഔഷധ നിര്‍മ്മാണം, തുണിത്തരങ്ങള്‍, തുറമുഖങ്ങള്‍, വ്യോമയാനം, തുകല്‍ വസ്തുക്കള്‍, വിനോദസഞ്ചാരം, സുഖചികിത്സ, റെയില്‍വേ, വാഹന ഭാഗങ്ങള്‍, ഡിസൈന്‍ മാനുഫാക്ചറിംഗ്, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം, ഖനനം, ഇലക്ട്രോണിക്സ് എന്നിവ അടങ്ങുന്നതാണ് ഈ മേഖലകള്‍.   

 

വാണിജ്യ കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി, മാരുതി സുസുക്കി എം.ഡി കെനുച്ചി അയുകാവ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ള, ഐ.സി.ഐ.സി.ഐ ബാങ്ക് എം.ഡി ചന്ദ കൊച്ചാര്‍, ഐ.ടി.സി ഗ്രൂപ്പിന്റെ വൈ.സി ദേവേശ്വര്‍, യു.എസ് ആയുധവ്യവസായ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്റെ ഇന്ത്യ വിഭാഗം സി.ഇ.ഒ ഫില്‍ ഷാ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

ഇടക്കാലം കൊണ്ട് ഉല്‍പ്പാദന മേഖലയില്‍ 12-14 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 2022-നുള്ളില്‍ ജി.ഡി.പിയില്‍ മേഖലയുടെ പങ്ക് 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ദേശീയ ഉല്‍പ്പാദന നയം. ഇതിലൂടെ മേഖലയില്‍ 10 കോടി അധികമായി തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന്‍ നഗരത്തിലേക്ക് കുടിയേറുന്നവര്‍ക്കും നഗരങ്ങളിലെ ദരിദ്രര്‍ക്കും അനുയോജ്യമായ നൈപുണികള്‍ വികസിപ്പിക്കാനും നയം ലക്ഷ്യം വെക്കുന്നു.