Skip to main content
ന്യൂഡല്‍ഹി

modi cnn interview

 

രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരാണ് ഇന്ത്യയിലെ മുസ്ലിങ്ങളെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ സംഘടന അല്‍-ഖ്വൈദയുടെ താളത്തിനൊത്ത് തുള്ളുന്നവരല്ല അവരെന്നും മോദി കൂട്ടിച്ചേര്‍ത്തു. യു.എസ് ടെലിവിഷന്‍ ചാനലായ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശങ്ങള്‍.

 

ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അല്‍-ഖ്വൈദ വിഭാഗം ആരംഭിച്ചിരിക്കുന്നുവെന്ന അല്‍-ഖ്വൈദ മേധാവി അയ്മാന്‍ അല്‍-സവാഹിരിയുടെ വീഡിയോ സന്ദേശം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോദി. അല്‍-ഖ്വൈദയ്ക്ക് മതിഭ്രമം ബാധിച്ചിരിക്കുകയാണെന്നും ഇന്ത്യയ്ക്ക് ദോഷം വരുന്ന ഒന്നും രാജ്യത്തെ മുസ്ലിങ്ങള്‍ ആഗ്രഹിക്കില്ലെന്നും മോദി പറഞ്ഞു.

 

അടുത്ത ആഴ്ച നടത്തുന്ന യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ്‌ മോദി അപൂര്‍വ അഭിമുഖം നല്‍കിയിരിക്കുന്നത്. ഇന്ത്യയും യു.എസും തമ്മില്‍ യഥാര്‍ത്ഥത്തിലുള്ള തന്ത്രപര സഖ്യം വികസിപ്പിക്കുന്നത് സാധ്യമാണെന്ന് അഭിമുഖത്തില്‍ മോദി പറഞ്ഞു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന്‍ അംഗീകരിച്ച മോദി വരുംകാലത്ത് പരസ്പര ബന്ധത്തിന്റെ ആഴം വര്‍ധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.     

 

പ്രധാനമന്ത്രി പദമേറ്റ ശേഷം മോദി നല്‍കുന്ന ആദ്യ ടെലിവിഷന്‍ അഭിമുഖമാണിത്. തന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്‍പും ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പും അതത് രാജ്യങ്ങളില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തക സംഘവുമായി മോദി സംസാരിച്ചിരുന്നു.