അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ജപ്പാനിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ഉഭയകക്ഷി ബന്ധങ്ങളിലും പ്രതിരോധം, ആണവം, അടിസ്ഥാന സൗകര്യം, വാണിജ്യം തുടങ്ങിയ മേഖലകളിലും ഒരു പുതിയ അദ്ധ്യായം എഴുതാന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ 100 സ്മാര്‍ട്ട് നഗരങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മോദി ജപ്പാന്റെ സ്മാര്‍ട്ട് നഗരം ആയി വിശേഷിപ്പിക്കപ്പെടുന്ന ക്യോടോ ആണ് ആദ്യം സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിന് ജപ്പാന്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തി പ്രധാനമന്ത്രി ഷിന്‍സൊ അബെ ക്യോടോവില്‍ മോദിയെ സ്വീകരിക്കാനെത്തും.
നേരത്തെ, മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ജപ്പാനിലേക്ക് ആയിരിക്കണമെന്ന് ജപ്പാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. സന്ദര്‍ശനത്തിന് നേരത്തെ തിയതി നിശ്ചയിച്ചിരുന്നെങ്കിലും മാറ്റേണ്ടിവരികയായിരുന്നു. ഇതില്‍ ഖേദം പ്രകടിപ്പിച്ച് അബെയ്ക്ക് മോദി കത്തെഴുതിയിരുന്നു.
തലസ്ഥാനമായ ടോക്യോയില്‍ സെപ്തംബര്‍ ഒന്നിനാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഉച്ചകോടി തല സംഭാഷണങ്ങള്‍ നടക്കുക. രണ്ട് രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ‘തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം’ മുന്നോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തും.