ഇന്ത്യക്കെതിരെയുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത രീതിയിലുള്ള യുദ്ധം ജയിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിന് പകരമാണ് പാകിസ്ഥാന്‍ ഇത് ചെയ്യുന്നതെന്ന്‍ മോദി പറഞ്ഞു.
ലഡാക്കിലെ ലേയില്‍ കരസേനയിലേയും വ്യോമസേനയിലേയും സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ലഡാക്കില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനും മോദി സന്ദര്‍ശിക്കും.
യുദ്ധത്തേക്കാള്‍ തീവ്രവാദം കാരണമാണ് ഇന്ത്യന്‍ സേനകള്‍ക്ക് സൈനികരെ നഷ്ടപ്പെടുന്നതെന്ന് മോദി പറഞ്ഞു. ആധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് സായുധ സേനകളെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
നേരത്തെ, കാര്‍ഗില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി അഴിമതി രാജ്യത്തെ നശിപ്പിച്ചതായും ഇതിനെതിരെ പൊരുതാന്‍ തന്റെ സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. കാര്‍ഗിലില്‍ നിമൂ ബാസ്ഗോ വൈദ്യുതോല്‍പ്പാദന പദ്ധതിയും ലെ-കാര്‍ഗില്‍-ശ്രീനഗര്‍ വൈദ്യുത വിതരണ സംവിധാനവും മോദി ഉദ്ഘാടനം ചെയ്തു.