ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. 33 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മഹാനദി അടക്കം പല നദികളിലും ജലനിരപ്പ് താഴ്ന്ന്‍ പല പ്രദേശങ്ങളിലും വെള്ളമിറങ്ങി തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. അതേസമയം, വെള്ളം കയറിയ 460 ഗ്രാമങ്ങളിലെ 4.87 ലക്ഷം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
പശ്ചിമ ബംഗാള്‍ ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗത്ത് തിങ്കളാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴ ഈ ന്യൂനമര്‍ദ്ദം കാരണമാണ്.
23 ജില്ലകളിലെ 1,381 ഗ്രാമപഞ്ചായത്തുകളിലെ 5,313 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 97 കന്നുകാലികളും മരിച്ചു. 3.2 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലത്തേയും വെള്ളപ്പൊക്കം ബാധിച്ചു. 168 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 1.19 ലക്ഷം പേര്‍ കഴിയുന്നുണ്ട്.