Skip to main content
പൂന

pune landslide

 

മഹാരാഷ്ട്രയിലെ പൂന ജില്ലയില്‍ ബുധനാഴ്ച  പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ശനിയാഴ്ച പുലര്‍ച്ചെ 75 ആയി. ഇനിയും 120-ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാമെന്ന് കരുതുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷകള്‍ മങ്ങി.

 

മണ്ണിനടിയില്‍ നിന്നും 23 പേരെ ജീവനോടെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ മൂന്ന്‍ മാസം പ്രായമുള്ള രുദ്രയും ഉള്‍പ്പെടും. മൂന്ന്‍ ദിവസമാണ് ഈ ആണ്‍കുഞ്ഞ് മണ്ണിനടിയില്‍ പെട്ടത്. ദുഷ്കരമായ കാലാവസ്ഥയിലാണ് ആദ്യ രണ്ടു ദിവസവും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനം നടന്നത്. വെള്ളിയാഴ്ച മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായിരുന്നു.

 

കുന്നിന്‍ചെരുവിലുള്ള ഗ്രാമത്തിലെ അമ്പതോളം വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. 200-ല്‍ പരം ആളുകള്‍ വീടുകളില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ണിടിച്ചില്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇത്.    

 

വ്യാപകമായ വനനശീകരണമാണ് ദുരന്തത്തിന് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയ കസ്തൂരിരംഗന്‍ കമ്മിറ്റി പാരിസ്ഥിതിക സംവേദന പ്രദേശമായി ഉള്‍പ്പെടുത്തിയ സ്ഥലമാണ്‌ അപകടം നടന്ന മലിന്‍ ഗ്രാമം. എന്നാല്‍, പ്രമുഖ റിയല്‍ എസ്റ്റേറ്റ് മേഖലയായി മാറിയ ഇവിടെ വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും  നടന്നിരുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസി വിഭാഗങ്ങളെ ഉദ്ദേശിച്ച് വനഭൂമി കൃഷിഭൂമിയാക്കുന്നതിന് പ്രോത്സാഹനം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയും പാരിസ്ഥിതിക സന്തുലനം തെറ്റിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.