Skip to main content
Ad Image
ന്യൂഡല്‍ഹി

john kerry meets modi

 

ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ലോക വ്യാപാര സംഘടന (ഡബ്ലിയു.ടി.ഒ)യുടെ വ്യാപാര സുഗമ കരാറിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്നും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിക്കണമെന്നും കെറി പ്രധാനമന്ത്രിയോട് പറഞ്ഞതായി യു.എസ് വിദേശകാര്യ വകുപ്പ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

ലോകരാജ്യങ്ങളിലെ കസ്റ്റംസ് ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ദ്ദേശിച്ച വ്യാപാര സുഗമ കരാറിലെ ചര്‍ച്ചകള്‍ വ്യാഴാഴ്ച  സമവായത്തിലെത്താന്‍ കഴിയാതെ പരാജയപ്പെട്ടിരുന്നു. ജൂലൈ 31-നകം കരാറില്‍ ഒപ്പിടാനായിരുന്നു 160 അംഗരാഷ്ട്ര ഡബ്ലിയു.ടി.ഒ നേരത്തെ തീരുമാനിച്ചിരുന്നത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കരാറില്‍ ഒപ്പിടില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടാണ് കരാറിനെ തടഞ്ഞത്.

 

ഇന്ത്യയും യു.എസും തമ്മിലുള്ള അഞ്ചാമത് വാര്‍ഷിക തന്ത്രപര സംഭാഷണത്തിനും പ്രധാനമന്ത്രി മോദിയുടെ സെപ്തംബറില്‍ നിശ്ചയിച്ചിരിക്കുന്ന യു.എസ് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിട്ടാണ് കെറിയുടെ സന്ദര്‍ശനം. വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ ഇന്ത്യയില്‍ നടത്തിയ വിവരചോരണത്തിലുള്ള പ്രതിഷേധം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കെറിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ വികാരം യു.എസ് പൂര്‍ണ്ണമായും മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് കെറി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.   

Ad Image