ബാംഗ്ളൂർ സ്ഫോടന കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കർണാടക സർക്കാർ. ചികിത്സയ്‌ക്കായി ജാമ്യം അനുവദിക്കണമെന്ന മദനിയുടെ ആവശ്യം നാളെ സുപ്രീം കോടതി ജസ്റ്റീസ് ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്‌മൂലം നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മദനി നുണപറയുകയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് മദനിയുടെ ലക്ഷ്യമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
മദനിയ്‌ക്ക് ആവശ്യമായ ചികിത്സകളെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നും ഏകദേശം നാലുലക്ഷത്തോളം രൂപ മദനിയുടെ ചികിത്സയ്‌ക്കായി സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കണ്ണ് ചികിത്സ കോടതി നിർദ്ദേശിച്ചതു പ്രകാരം അഗർവാൾ ആശുപത്രിയിലും മറ്റു ചികിത്സകൾ മണിപ്പാല്‍ ആശുപത്രിയിലുമാണ് നടത്തിയതെന്നും അറിയിച്ചു. ഇതിന്റെ രേഖകളും സർക്കാർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ കർണാടക സർക്കാർ തയ്യാറായില്ലെന്നും തനിക്ക് ഗുരുതര രോഗങ്ങളുണ്ടെന്നും ചികിത്സയ്ക്കായുള്ള പണം താന്‍ തന്നെയാണ് മുടക്കിയതെന്നും സത്യവാങ്മൂലത്തിൽ മദനി വ്യക്തമാക്കിയിരുന്നു. ചികിത്സാചെലവ് വഹിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശവും കർണാടകം പാലിച്ചില്ലെന്നും അതിനാൽ സ്വന്തം ചെലവിൽ ചികിത്സ തേടുന്നതിന് ജാമ്യം അനുവദിക്കണമെന്നുമാണ് മദനിയുടെ ആവശ്യം. മദനിയുടെ ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.