റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് പെട്രോളിയവും തമ്മിലുള്ള ലയനത്തിലെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് നിയന്ത്രണ ഏജന്‍സിയായ സെബി പുറപ്പെടുവിച്ച ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്.എ.ടി) ശരിവെച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അപ്പീല്‍ തള്ളിയാണ് എസ്.എ.ടി ഫുള്‍ ബഞ്ചിന്റെ വിധി.
സെബി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഒത്തുതീര്‍പ്പ് ആക്കുന്നതിന് പുതിയ സംവിധാനത്തിന് 2010 ഏപ്രില്‍ മുതല്‍ പില്‍ക്കാല പ്രാബല്യം നല്‍കി സെബി നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാല്‍, 2007-ല്‍ നടന്ന ഇടപാടിന് ഈ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഉപസ്ഥാപനമായ റിലയന്‍സ് പെട്രോളിയത്തെ ലയിപ്പിച്ചത് ചട്ടങ്ങള്‍ ലംഘിച്ചും ഗുരുതരമായ കൃതിമങ്ങള്‍ കാണിച്ചുമാണെന്ന് 2008-ല്‍ തന്നെ സെബി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ റിലയന്‍സ് 513 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്ന്‍ സെബി കണക്കാക്കുന്നു.
വിഷയത്തില്‍ സെബി 2010 ഡിസംബറില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്താണ് റിലയന്‍സ് എസ്.എ.ടിയെ സമീപിച്ചത്. 2013 ജനുവരിയില്‍ പുറപ്പെടുവിച്ച പുതിയ സംവിധാനത്തിന്റെ പരിധിയില്‍ നിന്ന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീനെ ഒഴിവാക്കിയതും കമ്പനി ചോദ്യം ചെയ്തിരുന്നു. ഈ പുതിയ സംവിധാനം അനുസരിച്ച് കുറ്റം അംഗീകരിച്ചോ അല്ലാതെയോ നിയന്ത്രണ ഏജന്‍സിയ്ക്ക് പിഴ ഒടുക്കി വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കഴിയും.