കെ.ജി ബേസിന്‍: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി

Tue, 24-06-2014 12:07:00 PM ;
ന്യൂഡല്‍ഹി

reliance industies

 

കൃഷ്ണ ഗോദാവരി തടത്തിലെ (കെ.ജി ബേസിന്‍) എണ്ണ പര്യവേഷണത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടു.

 

ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിലയന്‍സിനും മുന്‍ യു.പി.എ സര്‍ക്കാറിനും നേരെ പല കുറ്റപ്പെടുത്തലുകളും സി.എജി നടത്തുന്നതായി എ.എ.പി നേതാവ് പ്രശാന്ത് ഭൂഷണ്‍ അവകാശപ്പെട്ടു. റിലയന്‍സ് ആഡിറ്റുമായി സഹകരിച്ചില്ലെന്നും പ്രധാനപ്പെട്ട പല രേഖകളും നല്‍കിയില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതായി ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സി ആഡിറ്റ് നടത്തണമെന്ന് റിലയന്‍സും സര്‍ക്കാറും തമ്മിലുള്ള കരാറില്‍ ഉള്ളപ്പോഴാണ് ഇതെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

 

റിലയന്‍സ് പര്യവേഷണത്തിനെടുത്ത ഡി-6 പാടത്തിന്റെ പകുതി 2005-ഓടെയും ബാക്കിയുള്ളതിന്റെ ഭൂരിഭാഗവും 2007-ഓടെയും കൈമാറണമെന്ന കരാര്‍ നിബന്ധന പൂര്‍ണ്ണമായും ലംഘിച്ച് 2013 വരെ പാടം കൈവശം വെക്കാന്‍ റിലയന്‍സിനെ അനുവദിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി ഭൂഷണ്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സിന്റെ സാങ്കേതിക ഉപദേശം അവഗണിച്ച് റിലയന്‍സിന് അനുകൂലമായി മുന്‍ പെട്രോളിയം വകുപ്പ് മന്ത്രി വീരപ്പ മൊയ്ലി സ്വീകരിച്ച  നടപടികള്‍ സാരമായ ധനകാര്യ ആഘാതം ഉണ്ടാക്കുന്നതായിരുന്നെന്ന് സി.എ.ജി കുറ്റപ്പെടുത്തിയിട്ടുള്ളതായി ഭൂഷണ്‍ വെളിപ്പെടുത്തി.  

Tags: