Skip to main content
പൂനെ

 

അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍കൂടി അറസ്റ്റിലായി. സോലാപൂര്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ മോഹ്‌സീന്‍ സാദിഖ് ഷെയ്ഖ് എന്ന 24 കാരനാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ കേസില്‍ മൊത്തം 17 പ്രതികളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

 

എന്നാല്‍ മോഹ്‌സീന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് മോഹ്‌സീന് നേരെ ആക്രമണം ഉണ്ടായതെന്നും സുഹൃത്ത് റിയാസ് പറഞ്ഞു. നിസ്‌കാര തൊപ്പിയും താടിയും കണ്ടിട്ടാവണം ആള്‍ക്കൂട്ടം മോഹ്‌സീനെ ആക്രമിച്ചത് എന്നാണ് റിയാസ് പറയുന്നത്.

 

താക്കറെയ്‌ക്ക്‌ പുറമെ ഛത്രപതി ശിവജിയുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. ഞായാറാഴ്‌ച മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ശിവജിയുടെയും ബാല്‍ താക്കറെയുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനെതിരേ ബി.ജെ.പി, ശിവസേന, ഹിന്ദു രാഷ്‌ട്ര സേന പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളില്‍ ഇരുന്നൂറോളം പബ്ലിക് ബസ്സുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.