Skip to main content
ന്യൂഡല്‍ഹി

 

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയായ യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്തു ദിവസം മുന്‍പ് തള്ളുകയും വിവരം മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് മേമന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. തന്റെ കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന യാക്കൂബ് മേമന്റെ ആവശ്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും.

 

സുപ്രീം കോടതിയുടെ ഉത്തരവായ വധശിക്ഷ നടപ്പാക്കാൻ കാലതാമസം നേരിട്ടാല്‍ ശിക്ഷ ഇളവു ചെയ്യാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ യാക്കൂബ് മേമന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി താന്‍ ജയിലിലാണെന്നും ജീവപര്യന്തം കേസുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നുമാണ് യാക്കൂബ് മേമന്‍റെ മറ്റ് ആവശ്യങ്ങള്‍.

 

മുംബൈ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരനായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്. സ്‌ഫോടനത്തിനുള്ള പണവും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുത്തത് യാക്കൂബ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യാക്കൂബിനെ ഗൂഢാലോചന കുറ്റം ചുമത്തി 2007-ലാണ് ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സുപ്രീം കോടതിയും ഇത് ശരിവച്ചിരുന്നു. 1994-ല്‍ കാണ്ഡ്മണ്ഠു വിമാനത്താവളത്തില്‍ നിന്നാണ് യാക്കൂബിനെ പോലീസ് അറസ്റ്റു ചെയ്തത്. മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.