സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജിക്ക് പരിശോധന നടത്താം: സുപ്രീം കോടതി

Thu, 17-04-2014 01:32:00 PM ;
ന്യൂഡല്‍ഹി

supreme court

 

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജിക്ക് പരിശോധന നടത്താമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സ്വകാര്യ ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കമ്പനികളില്‍ നിന്നും ഫീസിനത്തില്‍ ലഭിക്കുന്ന തുക ശരിയാണോ എന്ന് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ധനകാര്യ കണക്കുകള്‍ സി.എ.ജിക്ക് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്രയെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

 

നേരത്തെ, സ്വകാര്യ വൈദ്യുതി കമ്പനികളില്‍ ഓഡിറ്റിങ് നടത്താന്‍ സി.എ.ജിക്ക് ഡല്‍ഹിയില്‍ ഭരണത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കെജ്രിവാള്‍ സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വൈദ്യുതി കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വകാര്യ ടെലികോം കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Tags: