സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റം: പുനഃപരിശോധനയില്ല- സുപ്രീം കോടതി

Tue, 28-01-2014 04:04:00 PM ;
ന്യുഡല്‍ഹി

homo sexസ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരും സ്വവര്‍ഗാനുരാഗ അനുകൂല സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. വിധിയില്‍ നിരാശയുണ്ടെന്ന് സ്വവര്‍ഗാനുരാഗ അനുകൂല സംഘടനകള്‍ വ്യക്തമാക്കി.

 

2013 ഡിസംബര്‍ 11 ബുധനാഴ്ചയായിരുന്നു പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗ്ഗ രതി കുറ്റകരം എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇത് പ്രകാരം  2009-ല്‍ ഡെല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് പരമോന്നത കോടതി ഉത്തരവിറക്കുകയായിരുന്നു.

 

സ്വവര്‍ഗരതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന വിധി പ്രകാരം സ്വവര്‍ഗ്ഗ രതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതേതുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവന്നത്.

 

സ്വവര്‍ഗ്ഗ രതി നിരോധിക്കുന്ന നിയമം ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡെല്‍ഹി ഹൈക്കോടതി 2009 ജൂലൈ 2-ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയത് എന്നാല്‍, ഇത് നിയമനിര്‍മ്മാണ സഭയായ പാര്‍ലിമെന്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.

Tags: