ആദര്‍ശ് ഭവന സൊസൈറ്റി അഴിമതി പ്രശ്നം പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എന്നാല്‍, മാധ്യങ്ങള്‍ കോണ്‍ഗ്രസിതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിക്കേസുകളും പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനാഘോഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. തങ്ങളുടെ മുന്നിലുള്ള വെല്ലുവിളി കനത്തതാണെന്നും എന്നാല്‍ ഒരുമിച്ച് പൊരുതി ജയിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ നടപടി പുന:പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 20-ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് നിരാകരിക്കുന്നതായി കോണ്‍ഗ്രസ്-എന്‍.സി.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കമുള്ളവരെ നിശിതമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതില്‍ അന്തരിച്ച വിലാസ്റാവു ദേശ്മുഖും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ഉള്‍പ്പെടും. അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരെ സി.ബി.ഐ കേസ് എടുത്തിരുന്നെങ്കിലും വിചാരണ ചെയ്യാനുള്ള അനുമതി ഗവര്‍ണര്‍ കെ. ശങ്കരനാരായണന് നിഷേധിച്ചു.