തേജ്പാല്‍ അറസ്റ്റില്‍: ജാമ്യാപേക്ഷ കോടതി തള്ളി

Sun, 01-12-2013 11:27:00 AM ;
പനാജി

സഹപ്രവര്‍ത്തകയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരു തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പനാജി ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തേജ്പാലിന്റെ ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. തേജ്പാലിനെ ഞായറാഴ്ച മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കും.

 

വിധി പ്രഖ്യാപനം കേള്‍ക്കാന്‍ തേജ്പാലിന്റെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. സത്യം തെളിയിക്കുന്നതിനായി 14 ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസന്വേഷണവുമായി തേജ്പാല്‍ സഹകരിക്കാന്‍ തയാറായിരുന്നില്ലെന്നും വെള്ളിയാഴ്ച ഇടക്കാല ജാമ്യം കിട്ടിയ ശേഷം മാത്രമാണ് ചോദ്യംചെയ്യലിന് പോലും ഹാജരായതെന്നും പ്രോസിക്ക്യൂഷന്‍ ചൂണ്ടിക്കാട്ടി.

 

ഈമാസം ഏഴ്, എട്ട് തീയതികളില്‍ തരുണ്‍ തേജ്പാല്‍ പനാജിയിലെ ഹോട്ടലിലെ ലിഫ്റ്റിനകത്തുവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയെ ത്തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ തെഹല്‍കയില്‍നിന്ന് ആറുമാസത്തേക്ക് സ്ഥാനമൊഴിയുകയായിരുന്നു. കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി ജീവപര്യന്തവും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയത്. സംഭവം വിവാദമായതോടെ അദ്ദേഹം തെഹല്‍കയുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും ആറുമാസത്തേക്ക് ഒഴിഞ്ഞിരുന്നു.

Tags: