ആദര്‍ശ് ഫ്ലാറ്റ് വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിൻഡെയെ സി.ബി.ഐ കുറ്റവിമുക്തനാക്കി. ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ പദവി ദുരുപയോഗം ചെയ്ത് ഇടനിലക്കാര്‍ മുഖേന ഫ്ലാറ്റ് സംഘടിപ്പിച്ചുവെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ പ്രവീണ്‍ വതെഗനോക്കര് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ ശരിയല്ലെന്ന് കാണിച്ചാണ് സി.ബി.ഐ ഷിൻഡെയെ കുറ്റവിമുക്തനാക്കിയത്.
ഷിൻഡെക്കെതിരെയുള്ള ആരോപണത്തിന് തെളിവില്ലെന്നാണ് സി.ബി.ഐ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് പണിത ഫ്ലാറ്റുകള്‍ മുന്‍ സൈനിക ഉദ്ധ്യോഗസ്ഥര്‍ , രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സ്വന്തമാക്കിയതാണ് കേസിനാസ്പദമായ സംഭവം. ഇതുമായി ബന്ധപ്പെട്ട് ഷിന്‍ഡയെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.