ഡല്‍ഹി കൂട്ടബലാല്‍സംഗം: ശിക്ഷാ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും

Wed, 11-09-2013 04:54:00 PM ;
ന്യൂഡല്‍ഹി

ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കുന്നത് ഡല്‍ഹി സാകേത് അതിവേഗ കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വിധി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇതനുസരിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം നിരവധിപേര്‍ കോടതിയിലെത്തിയിരുന്നു.

 

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് ടാക്കൂര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച മിക്ക കുറ്റങ്ങളും വിചാരണക്കോടതി ശരിവെച്ചു.

 

കേസിലെ മറ്റൊരു പ്രതിയായ രാം സിങ്ങ് വിചാരണ തടവിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിയണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്‌ വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കു മേല്‍ കോടതി ചുമത്തിയിരിക്കുന്നത്. 

Tags: